ചെങ്ങന്നൂർ: വൻദുരന്തം ഒഴിവാക്കി ഫയർഫോഴ്സ്. ചെങ്ങന്നൂർ മുളക്കുഴ ജംഗ്ഷനിൽ പാചക വാതകവുമായി വന്ന ട്രക്കിൽ നിന്നും ഉയർന്ന തീയും പുകയും യഥാസമയം അണച്ചാണ് ഫയർഫോഴ്സ് രക്ഷകരായത്.
എംസി റോഡിൽ ഇന്നലെ വൈകുന്നേരം നാലോടെ മുളക്കുഴ ജംഗ്ഷനിൽ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പാചകവാതവുമായി പോയ ട്രക്കിന്റെ ക്യാബിനിൽ ആണ് തീയും പുകയും ഉയർന്നത്.
ക്യാബിൻ ഭാഗത്തുനിന്ന് ശബ്ദത്തോടു കൂടി തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തി. ഒപ്പം സഹായിയും പുറത്തിറങ്ങി. സമീപവാസികൾ ഓടിക്കൂടി ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
ചെങ്ങന്നുരിൽ നിന്നും അസി. ഫയർ ഓഫീസർ എം.കെ.ശംഭു നമ്പൂതിരി, ഫയർ ഓഫീസർ മോഹനൻ, ലീഡിംഗ് ഫയർ ഓഫീസർമാരായ എം.കെ സുജിൻ, ലാൽ കുമാർ, രാജു എന്നിവരുടെ നേതൃത്വത്തിൽരണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
ഗ്യാസ് സിലിണ്ടർ ഇരിക്കുന്ന ഭാഗത്തേക്ക് തീ പടരാതെ യഥാസമയം നിയന്ത്രണ വിധേമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. പാക്കഡ് സിലിണ്ടർ ആയതിനാൽ ആശങ്ക ഒഴിവായി.
ചെങ്ങന്നൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സ്ഥലത്ത് എത്തിയിരുന്നു. ഷോട്ട് സർക്യൂട്ട് ലക്ഷണങ്ങൾ പരിശോധനയിൽ കാണാനായില്ല.
റേഡിയേറ്ററിൽ വെള്ളം ഇല്ലാതെ എൻജിൻ അമിതമായി ചൂടായതു മൂലം തീ പിടിച്ചതാവാം എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനകമ്പനിയിൽ നിന്ന് ആളെത്തി പരിശോധന നടത്തിയ ശേഷം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സിലിണ്ടർ മറ്റൊരു വാഹനത്തിലേക്ക് മാറ്റിപിന്നീട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.