വടകര: ഏറാമല പഞ്ചായത്തിലെ മുയിപ്രയിൽ പണിത ഗോഡൗണിൽ പാചകവാതകം ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗ്യാസ് ഗോഡൗണ്‍ അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ രംഗത്തെത്തിയത്.
ജനവാസ കേന്ദ്രത്തിൽ ഗ്യാസ് ഗോഡൗണ്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി നാട്ടുകാർ ദീർഘകാലമായി സമരത്തിലാണ്. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കെട്ടിട നിർമാണ അനുമതി തേടിയെടുക്കുകയായിരുന്നുവെന്നു പറയുന്നു. എന്നാൽ ഗ്യാസ് ഗോഡൗണ്‍ തുടങ്ങാൻ പഞ്ചായത്ത് അനുമതി നൽകിയില്ല. വാണിജ്യാവശ്യത്തിനു കെട്ടിടം പണിയുന്നതിനാണ് അനുമതി നൽകിയത്.
ഇതനുസരിച്ച് കെട്ടിടം പണിത ശേഷം ഗ്യാസ് സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് നേടിയെടുക്കാനായി ശ്രമം. ഇക്കാര്യത്തിൽ സർവകക്ഷികളടങ്ങിയ നാട്ടുകാർ ഗ്യാസ് ഗോഡൗണിനെതിരെ ശക്തമായ സമരത്തിലാണ്. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചതിനാൽ ഭരണസമിതിയും എതിർപിന്റെ പാതയിലാണ്. മാസങ്ങൾക്കു മുന്‍പ് പണിത കെട്ടിടത്തിൽ അടുത്ത ദിവസം തന്നെ ഗ്യാസ് സൂക്ഷിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ എടച്ചേരി പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ ഗോഡൗണിലേക്കു ഗ്യാസുമായി ലോറിയെത്തിയത്. ഇതറിഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ച് ഗ്യാസ് ഇറക്കുന്നത് തടയുകയായിരുന്നു. ഗ്യാസ്ഏജൻസിയുടെ വക്താക്കളും നാട്ടുകാരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്കരനും നേതാക്കളും സ്ഥലത്തെത്തി.