ടെൽ അവീവ്: ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ദികളാക്കിയ 250 ഓളം പേരെ എലൈറ്റ് യൂണിറ്റ് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടു. സൈന്യത്തിന്റെ “ഷായെറ്റെറ്റ് 13′ യൂണിറ്റ് സൂഫ ഔട്ട്പോസ്റ്റിലേക്ക് ഇരച്ചുകയറി മിന്നലാക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് അബു ആലി ഉൾപ്പെടെ അറുപതിലധികം ഹമാസ് ഭീകരരെ വധിക്കുകയും 26 പേരെ പിടികൂടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു.
പുറത്തുവന്ന വീഡിയോയിൽ ഇസ്രയേൽ സൈനികർ കെട്ടിടത്തിനുള്ളിൽ പോകുന്നത് കാണുന്നതും വെടിയൊച്ചകൾ മുഴങ്ങുന്നതകാണാം. ഒരു സൈനികൻ മറവിൽ നിന്ന് വെടിയുതിർക്കുന്നതും മറ്റൊരാൾ ഔട്ട്പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുന്നതും കാണാം.
തുടർന്ന് ബങ്കറിനുള്ളിൽ പ്രവേശിച്ച സൈനികർ ബന്ദികളെ രക്ഷിക്കുന്നതും പരിക്കേറ്റവരെ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.
ഒക്ടോബർ ഏഴിന് സൂഫ സൈനിക പോസ്റ്റിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി ഗാസ സുരക്ഷാ വേലിക്ക് ചുറ്റുമുള്ള പ്രദേശത്ത് ഇസ്രയേൽ സൈനിക യൂണിറ്റിനെ വിന്യസിച്ചിരുന്നു.