തൃശൂർ: ഗ്യാസിന്റെ വില കുത്തനെ കൂട്ടുന്നത് തടുക്കാനാകില്ല, പക്ഷേ വെള്ളത്തിന്റെ ചൂട് ഇരട്ടിയാക്കി ഗ്യാസിന്റെ വിലക്കയറ്റത്തെ പിടിച്ചു നിർത്തിയാലോ.
കുരിയച്ചിറ സ്വദേശി ഇഗ്നേഷ്യസാണ് ഇരട്ടി വേഗത്തിൽ വെള്ളം ചൂടാക്കി ഗ്യാസിന്റെ വിലക്കയറ്റത്തെ നേരിടാൻ പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചായ വിറ്റ് ഉപജീവനം നടത്തുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. കാരണം ഗ്യാസിന്റെ വില കൂടുന്നതിനനുസരിച്ച് ചായയുടെ വില കൂട്ടാനാകില്ലല്ലോ.
പകരം പുതിയ മാർഗം കണ്ടെത്തി ജീവിതം നിലനിർത്താൻ എങ്ങനെ സാധിക്കുമെന്ന ചിന്തയിലാണ് ചൂട് വർധിപ്പിച്ച് ഗ്യാസിന്റെ വിലക്കയറ്റത്തെ നേരിടാൻ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
ചായക്ക് വെള്ളം ചൂടാക്കി കഴിഞ്ഞാൽ അതിൽ നിന്ന് വെള്ളം എടുക്കുന്തോറും കൂടുതൽ വെള്ളം ഒഴിക്കേണ്ടി വരും. അപ്പോൾ കൂടുതൽ ഗ്യാസ് കത്തിച്ചാലേ വെള്ളം വീണ്ടും തിളയ്ക്കുകയുള്ളൂ.
എന്നാൽ ഈ പാത്രത്തിലേക്ക് ഒരു പൈപ്പിട്ട് മറ്റൊരു പാത്രം അതിന് വശത്ത് മുകളിലായി വച്ചാൽ വെള്ളം കുറയുന്നതിനനുസരിച്ച് വെള്ളം എത്തിക്കൊണ്ടിരിക്കും. അപ്പോൾ കൂടുതൽ ഗ്യാസ് ഉപയോഗിക്കാതെ തന്നെ വെള്ളം തിളച്ചുകൊണ്ടിരിക്കും.
കാര്യം നിസാരമാണെന്ന് തോന്നിയാലും ഗ്യാസിന്റെ ഉപയോഗത്തിൽ വലിയ കുറവുണ്ടെന്നതാണ് ഇതിന്റെ പ്രയോജനമെന്ന് ഇഗ്നേഷ്യസ് പറഞ്ഞു.
വീടുകളിൽ കുളിക്കാനായി വെള്ളം ചൂടാക്കി എടുക്കുന്നവർക്കും ഈ കണ്ടുപിടുത്തം ഉപകാരമാണ്. അഞ്ചു ലിറ്റർ വെള്ളം തിളയ്ക്കാൻ 15 മിനിറ്റ് സമയം മതി. ഇതു വഴി 35 ശതമാനം ഗ്യാസ് ലാഭിക്കാം.
പിന്നീട് വെള്ളം എടുത്താലും തിളയ്ക്കുന്നത് നിൽക്കില്ല. പാത്രത്തിന്റെ അടിയിൽ പൈപ്പ് ഫിറ്റ് ചെയ്യുവാൻ ഏകദേശം 900 രൂപ ചിലവ് വരും.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇഗ്നേഷ്യസം 19-ാം വയസിൽ വിവിധോദ്ദേശ അടുക്കള ഉപകരണം ഉണ്ടാക്കിയാണ് കണ്ടുപിടുത്തങ്ങളുടെ രംഗത്തേക്ക് കടന്നത്.
കത്തി മൂർച്ച കൂട്ടുക, പച്ചക്കറി അരിയുക, തേങ്ങ ചിരകുക, ജ്യൂസ് ഉണ്ടാക്കുക, അരി ഇടിക്കുക, പൊടിക്കുക, അരിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന ഒറ്റ യന്ത്രമായിരുന്നു നേരത്തെ ഉണ്ടാക്കിയത്.
പിന്നീട് വൈദ്യുതി ഇല്ലെങ്കിലും കറക്കി മൊബൈലും മറ്റും ചാർജ് ചെയ്യാൻ ഉപകരിക്കുന്ന വൈദ്യുതി ഉൽപാദിപ്പിക്കുന്ന യന്ത്രവും കണ്ടുപിടിച്ചിരുന്നു.