സ്വന്തം ലേഖകൻ
തൃശൂർ: ആദായകരമായ പ്രകൃതിവാതകം കേരളത്തിൽ എത്തിക്കുന്നതിനു വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണികൾ അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാകും. സ്ഥലമെടുപ്പു പൂർത്തിയായി. പൈപ്പുലൈനുകൾ കടന്നുപോകുന്ന ജില്ലകളിലെ ഫ്ളാറ്റുകളിലേക്കും ഹോട്ടലുകളിലേക്കും പാചകവാതക പൈപ്പുകൾ സ്ഥാപിക്കാനും വാഹനങ്ങൾക്കു ഇന്ധനമായി നൽകാനുമുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നുണ്ട്. പൈപ്പുലൈൻ സ്ഥാപിക്കുന്ന ഗെയിൽ ഇന്ത്യ ലിമിറ്റഡ് പ്രോജക്ട്സ് ഡയറക്ടർ ഡോ. അസുതോഷ് കർണാടകും കേരള പ്രോജ്ക്ട്സ് ജനറൽ മാനേജർ ടോണി മാത്യുവും പത്രസമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം.
കൊച്ചിയിൽനിന്നു പാലക്കാട് ജില്ലയിലെ കൂറ്റനാട് വരെയും അവിടെനിന്നു രണ്ടു ദിശകളിലൂടെയായി തമിഴ്നാട്ടിലേക്കും മംഗലാപുരത്തേക്കുമുള്ള പൈപ്പുലൈനുകളുടെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെ 403 കിലോമീറ്റർ നീളത്തിൽ പൈപ്പു ലൈൻ സ്ഥാപിച്ചാണ് മംഗലാപുരത്തേക്കു പ്രകൃതിവാതകം എത്തിക്കുന്നത്. മൊത്തം 438 കിലോമീറ്ററാണ് ഈ പദ്ധതിയുടെ നീളം. 71 കിലോമീറ്റർ നീളത്തിൽ പൈപ്പുലൈൻ സ്ഥാപിച്ചുകഴിഞ്ഞു.
കൊച്ചിയിലെ ഫ്ളാറ്റുകളിലും മറ്റും പൈപ്പുലൈൻ വഴി പാചകവാതകം എത്തിക്കും. കെഎസ്ആർടിസി ബസുകൾക്കുവേണ്ടി കേരളത്തിൽ മൂന്നു വാതക പന്പുകൾ നൽകും. കായംകുളം വൈദ്യുത നിലയം പ്രവർത്തിപ്പിക്കാനുള്ള പ്രകൃതിവാതകം നൽകുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിൽ ദിവസേന 60 ലക്ഷം ക്യുബിക് മീറ്റർ (സിഎംഡി) പ്രകൃതിവാതകം വിതരണം ചെയ്യാനാകും. കേരളം അടക്കം മൂന്നു തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ 874 കിലോമീറ്റർ പൈപ്പുലൈൻ സ്ഥാപിക്കാനുള്ള നാഷണൽ ഗ്യാസ് ഗ്രിഡിന്റെ പദ്ധതിക്കു 4,260 കോടി രൂപയാണു കേന്ദ്ര സർക്കാർ ചെലവാക്കുന്നത്.
കേരളം (503 കിലോമീറ്റർ), കർണാടകം (60 കിലോമീറ്റർ), തമിഴ്നാട് (311 കിലോമീറ്റർ) സംസ്ഥാനങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അപകടമോ തീപിടിത്തമോ ഉണ്ടാകാതിരിക്കാൻ ആധുനിക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ വാതക പൈപ്പുലൈൻ പദ്ധതിയുടെ ആദ്യഘട്ടം കൊച്ചിയിൽ 41 കിലോമീറ്റർ പൈപ്പു സ്ഥാപിച്ചുകൊണ്ട് 2013 ൽ പൂർത്തിയായി. കൊച്ചിയിലെ എട്ടു കന്പനികൾക്കായി പ്രതിദിനം 43 ലക്ഷം ക്യൂബിക് മീറ്റർ പ്രകൃതിവാതകം നൽകുന്നുണ്ട്.
കേരളത്തിൽ പൈപ്പുലൈൻ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നൽകിയ പിന്തുണയാണ് വിജയത്തിനു കാരണം. പൈപ്പുലൈൻ സ്ഥാപിക്കുന്നതിന്റെ ഗുണങ്ങൾ ലഭിക്കുമെന്ന് അതതു പ്രദേശത്തെ ജനങ്ങൾക്കു ബോധ്യപ്പെട്ടതും ഗുണം ചെയ്തെന്നു ഗെയിൽ മേധാവികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഗെയിൽ സതേണ് റീജണൽ ജനറൽ മാനേജർ പി. മുരുകേശൻ, കോർപറേറ്റ് കമ്യൂണിക്കേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ജ്യോതികുമാർ, കെ.പി. രമേശ് എന്നിവർ പങ്കെടുത്തു.