നെടുമങ്ങാട്: എക്സിക്യൂട്ടീവ് ലുക്കിൽ കറങ്ങി നടന്ന് വീടുകളിൽ നിന്നും ചായ കടകളിലെയും ഗ്യാസ് സിലിണ്ടറുകൾ മോഷണം നടത്തി വന്ന രണ്ടുപേരെയും മോഷ്ടിച്ച സിലിണ്ടറുകൾ വാങ്ങി വില്പന നടത്തി വന്നിരുന്നയാളെയും വലിയമല പോലീസ് അറസ്റ്റു ചെയ്തു.
കാട്ടാക്കട സ്വദേശി ഷിബിൻ ജോസ് (27), കല്ലറ താളികുഴി സ്വദേശി അഖിൽ (31), പിരപ്പൻ കോട് സ്വദേശി ബാലകൃഷ്ണൻ നായർ (81) എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞയാഴ്ച വലിയമല മന്നൂർ കോണത്ത് വീടിനു മുന്നിൽ വച്ചിരുന്ന ഗ്യാസ് സിലിണ്ടർ മോഷണം പോയി. വീട്ടുക്കാർ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ സ്കൂട്ടറിൽ രണ്ടുപേർ വന്ന് ഗ്യാസ് സിലിണ്ടർ എടുത്തുകൊണ്ടുപോകുന്നത് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഖിലിനും ഷിബിൻ ജോസിനും ആണ് മോഷണം നടത്തിയത് എന്ന് തെളിഞ്ഞത്. ഇവരുടെ പേരിൽ ഒന്പത് കേസുകൾ വെഞ്ഞാറമൂട്, ആര്യനാട്, നെടുമങ്ങാട്, അരുവിക്കര സ്റ്റേഷനു കളിലാ യുണ്ട്..
ഇവർ മോഷ്ടിക്കുന്ന ഗ്യാസ് കുറ്റികൾ പിരപ്പൻകോട് സിന്ദൂരി ഗ്യാസ് റിപ്പയറിംഗ് ഷോപ്പ് നടത്തുന്ന ബാലകൃഷ്ണൻ നായർ (81) ആണ് വില്പന നടത്തിയിരുന്നത്. ഒരു കുറ്റി 1300 രൂപയ്ക്കു വാങ്ങി 2500 രൂപയ്ക്ക് അത്യാവശ്യക്കാർക്ക് നൽകും.
മോഷണം നടത്തി വന്നിരുന്ന പ്രതികൾ നെടുമങ്ങാട് പ്രവർത്തിക്കുന്ന സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിലെ ചീഫ് എക്സിക്യൂട്ടീവും അസിസ്റ്റൻഡ് എക്സിക്യൂട്ടീവും ആണ്.
വീടുകളിൽ പോയി കുട്ടികളെ ക്യാൻവാസ് ചെയ്യുക ആണ് ഇവരുടെ ജോലി. പ്രതികളെ നെടുമങ്ങാട് കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .