കോട്ടയം: പാചക വാതക ഉപഭോക്താക്കളുടെ പാസ് ബുക്കിൽ സിലിണ്ടറിന്റെ വിലയും ബിൽ നന്പരും കൃത്യമായി രേഖപ്പെടുത്തണമെന്ന് നിർദേശം. കളക്ടറേറ്റിൽ ചേർന്ന എൽപിജി ഓപ്പണ്‍ ഫോറത്തിൽ ഡെപ്യൂട്ടി കളക്ടർ മോൻസി പി. അലക്സാണ്ടറാണ് ഏജൻസികൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
വില രേഖപ്പെടുത്തിയ ബിൽ ഉപഭോക്താക്കൾക്ക് ഏജൻസികൾ നിർബന്ധമായും നൽകണം. ഇതു ഓയിൽ കന്പനികൾ ഉറപ്പു വരുത്തണം. സിലിണ്ടറിന്റെ വില മാസാരംഭത്തിൽതന്നെ ഓയിൽ കന്പനികൾ ജില്ലാ -താലൂക്ക് സപ്ലൈ ഓഫീസർമാരെ അറിയിക്കുകയും വേണം.
ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് ശവസംസ്കാരത്തിന് ഉപയോഗിക്കുന്നതായുള്ള പരാതിയിൽ പരിശോധന നടത്തുന്നതിന് പോലീസ്, സിവിൽ സപ്ലൈസ് വകുപ്പുദ്യോഗസ്ഥരും ഓയിൽ കന്പനി പ്രതിനിധികളും അടങ്ങുന്ന സംയുക്ത സ്ക്വാഡിന് രൂപം നൽകി. പാചക വാതക സിലിണ്ടറുകൾ വീടുകളിൽ എത്തിച്ചു നൽകണം.
റോഡരികിലും കടകളിലും ഇറക്കി വെച്ചു നൽകുന്നത് നിയമ വിരുദ്ധമാണ്. ഇപ്രകാരം വിതരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും.താലൂക്ക് തലത്തിൽ പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നർദേശം നൽകി.