കോട്ടയം: വാഹനവും നിശ്ചലം, അടുക്കളയും നിശ്ചലം എന്ന ദയനീയ സ്ഥിതിയിലാണ് ജനം. കർഷകരും കർഷത്തൊഴിലാളികളും ചെറുകിട ബിസിനസുകാരും ചെറിയ വരുമാനമുള്ള ജോലിക്കാരും ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ്.പെട്രോൾ വില ലിറ്ററിന് 12 പൈസ ഉയർന്ന് 86.24 ഡീസലിന് 16 പൈസ കൂടി 79.59 രൂപയുമായി.
ഗാർഹിക പാചകവാതക സിലിണ്ടറിന് നിരക്ക് 869.50 രൂപ. ഗ്യാസ് വിലക്കയറ്റത്തിന്റെ മറവിൽ കെട്ടുവിറകിനും അറക്കപ്പൊടിക്കും വില കയറുകയാണ്. പതിനഞ്ചു കഷ്ണമുള്ള വിറക് കെട്ടിന് 50 രൂപവരെയത്തി വില. തടിമില്ലുകളിൽ വിറക് തൂക്കി വിൽക്കുന്ന സ്ഥിതിയാണ്.
ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ കാർ 15 കിലോമീറ്ററും സ്കൂട്ടർ 35 കിലോമീറ്ററും ബൈക്ക് 50 കിലോമീറ്ററും ഓടുന്ന സാഹചര്യത്തിൽ എങ്ങനെ ജീവിതം ചലിപ്പിക്കും എന്നതാണ് സാധാരണക്കാരന്റെ ചോദ്യം. 200 രൂപ മുടക്കി പെട്രോൾ അടിച്ചാൽ കാർ പരമാവധി 40 കിലോമീറ്റർ ഓടിയേക്കാം. ഇത്തരത്തിൽ മാസച്ചെലവ് ആറായിരം രൂപ. ചെറുകിട ജോലി വരുമാനംകൊണ്ടു കുടുംബം പോറ്റുന്നവർക്കൊന്നും താങ്ങാനാവില്ല ഇന്ധനചെലവ്.
സെയിൽസ് മേഖലയിൽ മാസം ആറായിരം രൂപയ്ക്ക് ജോലി നോക്കുന്ന പാവപ്പെട്ടവർക്ക് ഒരു സ്കൂട്ടർ പോലും ഓടിച്ചു ജോലിസ്ഥലത്ത് വരാനും പോകാനും വയ്യാത്ത സ്ഥിതി. രാത്രി വൈകിയാൽ ഓട്ടോ റിക്ഷ പിടിക്കാമെന്നു വച്ചാൽ ഒരു ദിവസത്തെ വരുമാനം കൊണ്ടു തികയില്ല.
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുന്നവർക്ക് നയാ പൈസ മിച്ചം വയ്ക്കാനാവില്ലെന്നതാണ് സ്ഥിതി. മക്കളുടെ വിദ്യാഭ്യാസം, വീട്ടുവാടക, ഭക്ഷണച്ചെലവ് എന്നിവയൊക്കെ വലിയ ചെലവായി മാറിയിരിക്കുന്നു. ഇതിനിടെയാണു തലങ്ങും വിലങ്ങും പിരിവും സംഭാവനയും സാലറി ചലഞ്ചുമൊക്കെ ജനത്തെ ഞെരുക്കുന്നത്.
വീടുകളിൽ പാചകവാതകം പോലെ വെളിച്ചെണ്ണയ്ക്കും അരിയ്ക്കും പരിപ്പ്, പയർ ഇനങ്ങൾക്കും വില കയറുകയാണ്. മണ്ണെണ്ണ കിട്ടാനുമില്ല. വൈദ്യുതി നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവാത്തതിനാൽ അത്തരത്തിലും പാചകം നടക്കില്ല.