സിജോ പൈനാടത്ത്
കൊച്ചി: അടുക്കളയിൽ അപ്രതീക്ഷിത ആഘാതമായെത്തിയ പാചകവാതക വിലവർധന വീടുകളിലും ഹോട്ടലുകളിലും ഭക്ഷണച്ചെലവിനെ കാര്യമായി ബാധിക്കും. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിനു 49 രൂപയാണു വർധിച്ചത്. വാണിജ്യസിലിണ്ടറുകൾക്കു കൂടിയത് 78.50 രൂപ.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കു പാചകവാതകത്തിന്റെ വില വർധിച്ചതു ദുരിതം ഇരട്ടിപ്പിക്കും. ഇന്ധനവില വർധന ആഴ്ചകളായി തുടരുന്ന സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയാനുള്ള സാധ്യത വിദൂരമാണ്. ഇതിനിടയിലാണു പാചകവാതക വിലയിലുണ്ടായ കുതിപ്പ്.
അരിയുടെ വിലവർധന തടയാൻ നടപടി സ്വീകരിക്കുമെന്നു സർക്കാർ പറയുന്പോഴും പൊതുവിപണിയിൽ 35 രൂപയിൽ കുറഞ്ഞ അരി കിട്ടാനില്ല. മാവേലി സ്റ്റോറുകളിൽ 25 രൂപയ്ക്കു ലഭിക്കേണ്ട സബ്സിഡി അരി നാമമാത്രമായാണ് എത്തുന്നത്. ഇറച്ചിക്കോഴി ഉൾപ്പെടെ മാംസ ഇനങ്ങൾക്കു മാസങ്ങളായി പൊള്ളുന്ന വിലയാണ്. ട്രോളിംഗ് ആരംഭിക്കുന്നതോടെ മത്സ്യവില ഇനിയും ഉയരും.
പച്ചക്കറി വിപണിയും വിലക്കയറ്റത്തിന്റെ പിടിയിലാണ്. വിറകു കത്തിച്ചു പാചകം നടത്തിയിരുന്ന കുടുംബങ്ങൾ ഗ്രാമീണമേഖലകളിൽ പോലും ഭൂരിഭാഗവും എൽപിജിയിലേക്കു മാറി.പാചകവാതകത്തിന്റെ വില ഉയർന്ന സാഹചര്യത്തിൽ ഭക്ഷണത്തിന്റെ വിലയിലും വർധനവുണ്ടാകുമെന്ന ആശങ്കയിലാണു സാധാരണക്കാർ.
ഭക്ഷ്യവസ്തുക്കളുടെ വിലയ്ക്കൊപ്പം പാചകവാതകത്തിന്റെയും വില ഉയരുന്ന സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധിപ്പിക്കാൻ നിർബന്ധിതരാവുമെന്നു ഹോട്ടലുടമ അസോ.പ്രതിനിധികൾ പറഞ്ഞു.