കൊച്ചി: ആറ് മാസത്തിനു ശേഷം ഗാർഹിക പാചക വാതകത്തിനുള്ള വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 956 രൂപയായി. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന് 13 രൂപ വര്‍ധിച്ച് 352 രൂപയായി. 2021 ഒക്ടോബര്‍ ആറിനു ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വിലയിലും വർധന ഉണ്ടായിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 107.31 രൂപയും ഡീസലിന് 94.41 രൂപയുമായി.
കോഴിക്കോട് പെട്രോള്‍ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ്. 2021 നവംബര്‍ രണ്ടിനായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്.
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. റഷ്യ-യുക്രെയ്ന് സംഘര്‍ഷ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.