ന്യൂഡൽഹി: പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില 200 രൂപയാണ് കുറച്ചത്.
ഡൽഹിയിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽനിന്നു 903 രൂപയായി വില കുറഞ്ഞു. എന്നാൽ കേരളത്തിൽ ഇന്നുച്ചവരെ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടില്ല. ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കു സിലിണ്ടർ ലഭിക്കും.
33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടും. കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്.
75 ലക്ഷം പുതിയ ഉജ്വൽ യോജന കണക്ഷനുകൾ കൂടി നൽകാൻ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു.വില കുറച്ച നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും കസേര ആടി തുടങ്ങിയെന്ന് നരേന്ദ്രമോദി തിരിച്ചറിഞ്ഞതിന്റെ ഫലമാണെന്നും കോൺഗ്രസ് വിമർശിച്ചു.
തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളും രാജ്യത്തെ പ്രതിപക്ഷ ഐക്യമായ “ഇന്ത്യ’ മുന്നണിയുടെ സമ്മർദവുമാണ് കേന്ദ്ര സർക്കാരിന്റെ ഈ പുനരാലോചനയ്ക്ക് പിന്നിലെന്നും കോൺഗ്രസ് പ്രതികരിച്ചു.
അതേസമയം, പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.