കോഴിക്കോട്: പാചകവാതകത്തിന് തോന്നിയപോലെ വില വർധിപ്പിക്കുന്നതോടൊപ്പം എണ്ണക്കന്പനികളുടെ പുതിയ കൊള്ള. സർവീസ് ചാർജ് എന്ന ഓമന പേരിലാണ് പുതിയ കൊള്ള തുടങ്ങിയിട്ടുള്ളത്. സബ്സിഡി കഴിഞ്ഞുള്ള തുകയ്ക്ക് പുറമെ ഇനി സർവീസ് ചാർജ് കൂടി നൽകിയാലേ പാചകവാതകം വീട്ടിൽ ലഭിക്കുകയുള്ളൂ. ഇതിനായി പുതിയ രൂപരേഖകൾ തയ്യാറാക്കി ഏജൻസികൾക്ക് എണ്ണക്കന്പനികൾ നിർദേശം നൽകി കഴിഞ്ഞു.
വീട്ടിൽ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനെന്ന ന്യായം നിരത്തിയാണ് സർവീസ് ചാർജ് ആയ 180 രൂപ ഈടാക്കാൻ എണ്ണക്കന്പനികൾ ആരംഭിച്ചത്. വീട്ടിലെത്തിക്കുന്ന ഗ്യാസ് സിലിണ്ടിറിന്റെ സുരക്ഷ ഉറപ്പ് വരുത്താനും സിലിണ്ടർ ഘടിപ്പിക്കുന്ന ട്യൂബിലെ ലീക്ക് പരിശോധിക്കാനുമാണ് സർവീസ് ചാർജ് എന്ന പേരിൽ 180 രൂപ എല്ലാവരിൽ നിന്നുമായി ഈടാക്കുന്നത്.
ഭീമമായ തുകയ്ക്ക് പുറമെ നൂറ് രൂപ കൂടി അധികം വരുന്നതോടെ ജനങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാകും പാചകവാതകത്തിന്റെ വില. സുരക്ഷയ്ക്ക് വേണ്ടിയാണ് പണം ഈടാക്കുന്നതെന്ന വാദം എണ്ണക്കന്പനികൾ ഉന്നയിക്കുന്നതിനാൽ ഉപഭോക്താക്കളിൽ പലരും ഇത് ചോദ്യം ചെയ്യാത്ത അവസ്ഥയാണ്.
എന്നാൽ സർവീസ് ആവശ്യമുള്ളവർ വിളിക്കുന്നതിന് അനുസരിച്ച് സർവീസ് ചാർജ് ഈടാക്കിയാൽ പോരെയെന്ന ചോദ്യവുമായി ചില ഉപഭോക്താക്കൾ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.മുക്കം മേഖലയിലും മറ്റും ഇത്തരം സർവീസ് ചാർജിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സർവീസ് ചാർജ് ഇല്ലാതെ തന്നെ തങ്ങൾക്ക് പഴയ പോലെ പാചകവാതകം നൽകണമെന്ന ആവശ്യവുമായാണ് ജനങ്ങൾ രംഗത്തെത്തിയത്. ഒരു ഉപഭോക്താവിൽ നിന്ന് നൂറ് രൂപ അധികം ഈടാക്കുന്നതോടെ എണ്ണക്കന്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമാണുണ്ടാകുക.