കൊച്ചി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെകൂട്ടി. 14.2 കിലോ സിലിണ്ടറിന്റെ വിലയില്‍ 146 രൂപയുടെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.
ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 850.50 രൂപയായി ഉയര്‍ന്നു. കൂടിയ വില സബ്സിഡിയായി ഉപഭോക്താക്കള്‍ക്കു തിരികെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എല്ലാ മാസവും ഒന്നാം തീയതി പാചകവാതക വില എണ്ണ കമ്പനികള്‍ പുതുക്കിയിരുന്നെങ്കിലും ഈ മാസം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വില അന്ന് വര്‍ധിപ്പിച്ചിരുന്നു. 19 കിലോ സിലിണ്ടറിന് 217 രൂപയും അഞ്ചു കിലോയുടെ സിലിണ്ടറിന് 93 രൂപയുമാണ് ഒന്നാം തീയതി കൂട്ടിയത്.
ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 1458 രൂപയായും അഞ്ചു കിലോ സിലണ്ടറിന്റെ വില 421.50 രൂപയിലുമെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഉപഭോക്താവിന്റെ ചങ്കിടിപ്പേറ്റി ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയും കുത്തനെ വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒന്നിന് 704.5 രൂപയായിരുന്നു ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.
ഇവിടെനിന്നുമാണ് 850.50 രൂപയായി സിലിണ്ടര്‍ വില ഉയര്‍ന്നത്.