ചിറ്റൂർ: നിയോജകമണ്ഡലത്തിൽ പഞ്ചായത്ത് തലത്തിൽ നിർമിക്കുന്ന ആദ്യത്തെ വാതകശ്മശാനത്തിന്റെ പണി പട്ടഞ്ചേരി പഞ്ചായത്തിൽ പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായി. അടുത്തയാഴ്ച ബോയിലിംഗ് മെഷീൻ ഇറക്കുമെന്ന് നിർമാണ ഏജൻസി അറിയിച്ചു.
ആദ്യഘട്ടത്തിൽ ഒരു സിലിണ്ടറും അടുത്തഘട്ടത്തിൽ രണ്ടാമത്തേതും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. പട്ടഞ്ചേരി പൊതുശ്മശാനത്തിലാണ് കെട്ടിടം നിർമിക്കുന്നത്. വാഹനങ്ങൾക്കു സഞ്ചരിക്കാൻ നാലുമീറ്റർ നീളത്തിൽ കോണ്ക്രീറ്റ് റോഡ് നിർമിച്ച് ടൈൽസ് പതിച്ചും അലങ്കരിക്കും.
പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഇരുപതുലക്ഷവും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 37 ലക്ഷവും ഉപയോഗിച്ചാണ് വാതകശ്മശാനം ഒരുങ്ങുന്നത്. ഇതിനു പുറമേ അടുത്തവർഷത്തെ ബജറ്റിൽ എട്ടുലക്ഷം ചെലവഴിച്ച് ചുറ്റുമതിലും നിർമിക്കും.
സെപ്റ്റംബർ 30ന്് ഉദ്ഘാടനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കരാർ ഏജൻസി കോസ്റ്റ്ഫോർഡ് വക്താവ് അറിയിച്ചു.പട്ടഞ്ചേരി പഞ്ചായത്ത് നിവാസികൾക്കു പുറമെ സമീപ പഞ്ചായത്തിലുള്ളവർക്കും ശ്മശാനം ഉപയോഗിക്കാനാകുമെന്ന് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ വ്യക്തമാക്കി.