മണ്ണാർക്കാട് : മണ്ണാർക്കാട് നഗരത്തിലൂടെ രാപ്പകൽ വ്യത്യാസമില്ലാതെ കടന്നു പോകുന്നത് മുന്നൂറിലധികം ഗ്യാസ് ടാങ്കർ ലോറികൾ.കോഴിക്കോട് -പാലക്കാട് ദേശീയപാതയോരത്തുള്ളവർക്ക് ചെറുതൊന്നുമല്ല ഇത് ഭീതിയുണ്ടാക്കിയിട്ടുള്ളത്. ടാങ്കർ ലോറി ഡ്രൈവർമാരുടെയും മറ്റു വാഹനങ്ങളുടെയും അശ്രദ്ധമൂലം ഉണ്ടാവുന്ന അപകടങ്ങളിൽ ദുരിതമനുഭവിക്കുന്നത് പാതയോരങ്ങളിൽ താമസിക്കുന്ന പ്രദേശവാസികളാണ്.
ദേശീയപാതയിൽ കൂടി പോകുന്ന ടാങ്കറുകൾക്ക് വേഗത നിയന്ത്രണവും പരിശോധനയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.പാലക്കാട് കോഴിക്കോട് ദേശീയപാതയ്ക്ക് എന്നും വില്ലനാണ് ഗ്യാസ് ടാങ്കറുകൾ. പാതയിലെ പലഭാഗത്തും ടാങ്കറുകൾ വരുത്തിയ അപകടങ്ങൾ ചെറുതല്ല. ഇവയുടെ വേഗത നിയന്ത്രിക്കാനോ വേണ്ട നിർദ്ദേശങ്ങൾ നൽകുവാനോ ആരുമില്ല.
ഇതുമൂലം ഉണ്ടാവുന്ന അപകടങ്ങളിൽ പൊലിയുന്നത് ആകട്ടെ നിരവധി ജീവനുകൾ. മംഗലാപുരത്തുനിന്നും കോയന്പത്തൂരിലേക്ക് പാചകവാതകം കൊണ്ടുപോകുന്ന പ്രധാനപാതയാണ് പാലക്കാട് കോഴിക്കോട് ദേശീയപാത. ഈ പാതയിൽ ഒരു ഇടവേളയ്ക്ക് ശേഷം ഗ്യാസ് ടാങ്കർ ലോറി അപകടങ്ങൾ തുടർക്കഥയാവുകയാണ്.
പാതയിൽ പല ഭാഗത്തുമുള്ള കൊടുംവളവുകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇതിനു പുറമേ വാഹനമോടിച്ച് പരിചയക്കുറവുള്ള ഡ്രൈവർമാരും റോഡ് പുനർനിർമാണം പൂർത്തിയായതോടെയുളള അമിതവേഗതയും അപകടങ്ങൾക്ക് കാരണങ്ങളാണ്.
മണ്ണാർക്കാട് നഗരത്തിൽ ഇവ ഗതാഗത കുരുക്കിനും കാരണമാവാറുണ്ട്. തിരക്കുള്ള പകൽസമയങ്ങളിൽ പലനഗരങ്ങളിലും ഗ്യാസ് ടാങ്കർ ലോറികൾ കടന്നുപോകുന്നതിന് നിരോധനമുണ്ട്.
എന്നാൽ മണ്ണാർക്കാട് അത്തരം നിരോധനമേർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ദേശീയപാതയിലെ തച്ചന്പാറ പൊന്നംകോട് എടായ്ക്കലിൽ ഗ്യാസ് ടാങ്കർ ലോറിയും സിമൻറ് കയറ്റിവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് സിമൻറ് ലോറിക്ക് തീപിടിച്ചിരുന്നു. അപകടത്തിൽ സിമൻറ് ലോറി ഡ്രൈവർ വെന്തു മരിച്ചു.
ഈ സംഭവത്തിൽ മണിക്കൂറുകളോളം ജനങ്ങൾ ഭീതിയിലായിരുന്നു. പല കുടുംബങ്ങളേയും മാറ്റി താമസിപ്പിക്കുക ഉൾപ്പെടെയുണ്ടായി.ടാങ്കറുകളുടെ പതിവ് അപകടമേഖലയായിരുന്ന കുന്തിപ്പുഴയിൽ പാലം പുതുക്കിപ്പണിതതോടെ അപകടങ്ങൾക്ക് കുറവുവന്നു.
എന്നാൽ മറ്റിടങ്ങളിൽ ദേശിയ പാതയുടെ നവീകരണത്തിന് ശേഷവും അപകടങ്ങൾക്ക് കുറവില്ല. അതിനാൽ ഇവയുടെ അപകടങ്ങൾ നിയന്ത്രിക്കാൻ മറ്റു വാഹനങ്ങളെ പരിശോധിക്കുന്നതു പോലെ ടാങ്കർ ലോറികളും പരിശോധിക്കണം. ഡ്രൈവറുടെ പ്രായം ലൈസൻസ് എന്നിവ പരിശോധിക്കപ്പെടണം.
നഗരങ്ങളിലെ ഗതാഗത തിരക്ക് കുറയ്ക്കാൻ പകൽ സമയങ്ങളിൽ ടാങ്കറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം.അർദ്ധരാത്രിയിൽ കടന്നുപോകുന്ന ടാങ്കർ ലോറി ഡ്രൈവർമാർക്ക് പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പാനീയങ്ങൾ നൽകണം.അതുപോലെ പ്രധാനമാണ് ഗ്യാസ് ചോർച്ച ഉണ്ടായാൽ നേരിടുന്നതിനുള്ള ആധുനിക മാർഗങ്ങൾ ഫയർഫോഴ്സിൽ ലഭ്യമാക്കുക എന്നത്.
നിലവിൽ ഗ്യാസ് ടാങ്കർ അപകടം ഉണ്ടായാൽ റീഫിൽ ചെയ്യുന്നതിന് കോയന്പത്തൂരിൽ നിന്നും മംഗലാപുരത്തുനിന്ന് പെട്രോളിയം കന്പനികളുടെ എഞ്ചിനീയർമാർ വരണം. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം.ജില്ല കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഗ്യാസ് റീഫിൽ ചെയ്യുന്നതിനും ചോർച്ച അടക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കണം.
ഗ്യാസ് ചോർച്ച ഉണ്ടായാൽ പുറത്തുപോകുന്ന ഗ്യാസിന്റെ അളവ് നിർണയിക്കാനുള്ള ഉപകരണം ഫയർഫോഴ്സിന് ലഭ്യമാക്കണം. ഇത്തരത്തിൽ ഒരു മാറ്റം ഗ്യാസ് ടാങ്കർ ലോറികളുടെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.