പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടി പാലത്തിനു മുകളിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്തുനിന്നു പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ആണ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്.
അപകടത്തിൽ ടാങ്കർ ഡ്രൈവർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. ഗ്യാസ് ചോർച്ച ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇന്നു പുലർച്ച 1.30 ഓടെയായിരുന്നു അപകടം.
ടാങ്കർ ലോറി ആദ്യം ടെമ്പോ ട്രാവലറിലാണ് ഇടിച്ചത്. പിന്നീട് കണ്ണൂരിൽനിന്നു പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറിലും എയർപോർട്ടിൽനിന്നു വരിക യായിരുന്ന മറ്റൊരകു കാറിലും ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റ ടാങ്കർ ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാറിനെ (40 ) പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ട്രാവലറിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്ക് പറ്റി. ഇവരെ മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.
അപകടത്തെത്തുടർന്ന് പഴയങ്ങാടി പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഗതാഗതം പൂണമായും തടസപ്പെട്ട നിലയിലാണ്. ഉച്ചയോടെ മംഗലാപുരത്തുനിന്ന് ഉദ്യോഗസ്ഥർ എത്തി ടാങ്കറിൽനിന്നു പാചകവാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ. പഴയങ്ങാടി, പയ്യന്നൂർ, പെരിങ്ങോം, പരിയാരം കണ്ണപുരം തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പയ്യന്നൂരിൽനിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്.