കൊച്ചി: എറണാകുളം ജില്ലയിലെ പാചകവാതക വിതരണക്കൂലി പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വിതരണക്കൂലി മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. അഞ്ചുകിലോമീറ്റർ പരിധിയിൽ വിതരണം സൗജന്യമായിരിക്കും. അഞ്ച് മുതൽ പത്തുവരെ കിലോമീറ്റർവരെ 26 രൂപയും 10 മുതൽ 15 കിലോമീറ്റർ വരെ 33 രൂപയും 15 കിലോമീറ്ററിനു മുകളിൽ 39 രൂപയും വിതരണക്കൂലി നല്കണം.
മുന്പ് അഞ്ചുമുതൽ 10 കിലോമീറ്റർ വരെ 20 രൂപയും 10 മുതൽ 15 കിലോമീറ്റർ വരെ 25 രൂപയും 15 കിലോമീറ്ററിനു മുകളിൽ 30 രൂപയുമായിരുന്നു. പുതുക്കി നിശ്ചയിച്ച വിതരണക്കൂലി എല്ലാ ഗ്യാസ് ഏജൻസികളും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.വീഴ്ച വരുത്തുന്ന എൽപിജി വിതരണ ഏജൻസികൾക്കെതിരേ കർശന നിയമ നടപടികൾ സ്വീകരിക്കും.
ഇതിനുമുന്പ് പാചകവാതക വിതരണക്കൂലി ജില്ലയിൽ നിശ്ചയിച്ചത് 2014 ജൂണിലെ ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ്. തൊഴിലാളികളുടെ ശന്പളത്തിലും ആനുകൂല്യങ്ങളിലും കാലാകാലങ്ങളിൽ ഉണ്ടായ ഗണ്യമായ വർധന, വിതരണ വാഹനങ്ങളുടെ അറ്റകുറ്റ പണികളുടെ ചെലവുകൾ, ഡീസൽ വില വർധന , മറ്റ് അധികചെലവുകൾ എന്നിവ കണക്കിലെടുത്ത് പാചക വാതക വിതരണക്കൂലി പുതുക്കി നിശ്ചയിക്കണമെന്ന് അപേക്ഷിച്ച് എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോറം സെക്രട്ടറി നിവേദനം സമർപ്പിച്ചിരുന്നു.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽപിജി വിതരണ ഏജൻസി ഭാരവാഹികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ഓയിൽ കന്പനി പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് ജില്ലാ സപ്ലൈ ഓഫീസർ, എൽപിജി വിതരണ ഏജൻസി ഭാരവാഹികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ഓയിൽ കന്പനി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റി മാർച്ചിൽ ചേർന്ന യോഗത്തിൽ ഏജൻസികളുടെ ന്യായമായ ആവശ്യം പരിഗണിച്ചും മറ്റ് സമീപ ജില്ലകളിലെ നിരക്കുകൂടി പരിഗണിച്ചും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ 30 ശതമാനം നിരക്കുവർധന അംഗീകരിക്കുകയായിരുന്നു.