ഗാസ സിറ്റിയിലെ ആശുപത്രിക്കുനേരേയുണ്ടായ ആക്രമണത്തെ സൗദി, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു, കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതിനിധി പ്രതികരിച്ചു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.
കൂടാതെ ഗാസയ്ക്ക് 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അറിയിച്ചു.
ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി.
ആശുപത്രി ആക്രമണത്തെ അപലപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സംഘർഷ സമയത്ത് യുഎസ് നിലകൊള്ളുന്നത് പൗരന്മാരുടെ സുരക്ഷയ്ക്കായാണെന്ന് അറിയിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ജോർദാൻ രാജാവ് എന്നിവരുമായും ബൈഡൻ സംസാരിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ സുരക്ഷാ ഉപദേഷ്ടാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.