ടെഹ്റാൻ: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരാകില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഗാസയിൽ പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഹമാസിനെതിരേ ശക്തമായ കരയാക്രമണത്തിന് ഇസ്രയേൽ തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്.
നാസികൾ ചെയ്തത് ഇസ്രയേൽ ആവർത്തിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ആവശ്യപ്പെട്ടു.
സയണിസ്റ്റ് ആക്രമണങ്ങൾ അവസാനിച്ചില്ലെങ്കിൽ മേഖലയിലെ എല്ലാ പാർട്ടികളുടെയും കൈകൾ ട്രിഗറിലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സാഹചര്യം നിയന്ത്രിക്കാനും സംഘർഷങ്ങൾ വഷളാകാതിരിക്കാനും ആർക്കും ഉറപ്പ് നൽകാൻ കഴിയില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിന്റെയും പ്രതിസന്ധിയുടെയും വ്യാപ്തി വികസിക്കുന്നത് തടയാൻ താത്പര്യമുള്ളവർ, ഗാസയിലെ പൗരന്മാർക്കും സാധാരണക്കാർക്കും എതിരായ നിലവിലെ പ്രാകൃത ആക്രമണങ്ങൾ തടയേണ്ടതുണ്ടെന്നും ഇറാൻ അറിയിച്ചു.
ഗാസയിൽ തുടർച്ചയായി ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 700-ലധികം കുട്ടികൾ ഉൾപ്പെടെ 2,670-ലധികം പേർക്ക് ജീവൻ നഷ്ടമായി. ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇസ്രയേൽ തടഞ്ഞെങ്കിലും തെക്കൻ മേഖലയിൽ ഞായറാഴ്ച വെള്ളം വിതരണം പുനഃസ്ഥാപിച്ചിരുന്നു.