കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ പുതിയ പ്രസവ വാർഡിന്റെ നിർമാണം അനിശ്ചിതമായി വൈകുന്നു.
തറക്കല്ല് ഇട്ടിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം തുടങ്ങിയില്ല. ഇതോടെ ആശുപത്രിയിലെ ഗൈനോക്കോളജി വിഭാഗം പ്രവർത്തനം തന്നെ പ്രതിസന്ധിയിലായി.
പഴയ പ്രസവ വാർഡിനോടു ചേർന്നു പുതിയ പ്രസവ വാർഡ് നിർമിക്കാരൻ കഴിഞ്ഞ മാർച്ച് 23നാണ് തറക്കല്ലിട്ടത്. എന്നാൽ, രണ്ടു മാസം കഴിഞ്ഞിട്ടും അനക്കമില്ല.
ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണത്തിനു കരാറുകാർക്കുള്ള കാലാവധി ഒന്പതു മാസമാണ്.
ഇതിൽ രണ്ടു മാസം പിന്നിട്ട് കഴിഞ്ഞു. ബാക്കിയുള്ള ഏഴു മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉണ്ടായിരുന്നതു പൊളിച്ചു നീക്കി
ആദ്യഘട്ടത്തിൽ പാറ പൊട്ടിച്ചു നീക്കാനുള്ള കലാതാമസമാണ് കരാറുകാർ പറഞ്ഞിരുന്നത്. എന്നാൽ, പാറ പൊട്ടിച്ചതിനു ശേഷവും ഒന്നും സംഭവിച്ചില്ല.
കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ചു മണ്ണെടുത്തു എന്നതാണ് ഏക പുരോഗതി. നിർമാണം വൈകുന്നതോടെ വെട്ടിലായിരിക്കുന്നത് ഗൈനോക്കോളജി വിഭാഗമാണ്. പഴയ കെട്ടിടത്തിലുണ്ടായിരുന്ന മുറികൾ നവീകരണത്തിനായി പൊളിച്ചു നീക്കിയിരുന്നു.
ഇവിടെ 26 കിടക്കകൾ ഉണ്ടായിരുന്നത് 12 എണ്ണം മാത്രമായി. പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൽ പ്രസവത്തിനു ശേഷം അമ്മമാർക്കുള്ള കിടക്കകൾ, നഴ്സിംഗ് റൂം, ശുചിമുറികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. എല്ലാം കടലാസിൽ അവശേഷിക്കുകയാണെന്നു മാത്രം.
ഡോക്ടർമാരും വലയുന്നു
ഇപ്പോൾ ഉള്ളതു പലതും ചെറിയ ഇടുങ്ങിയ മുറികളാണ്. ഇത് ഡോക്ടർമാർക്കു പരിശോധനയ്ക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
കരാറുകാരുടെ ഉദാസീനതയാണ് വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. മഴക്കാലം കൂടി എത്തിയാൽ പണി ഇനിയും വൈകാനാണ് സാധ്യത.