കാട്ടാക്കട : പാചക വാതക സിലിണ്ടറിൽ തീ പടർന്നു പിടിച്ച് അപകടം. ആറും മൂന്നും വയസുള്ള കുട്ടികളെയുമെടുത്ത് മാതാപിതാക്കൾ പുറത്തേക്കിറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
ആമച്ചൽ വേലഞ്ചിറ പ്രകാശിന്റെ രാഖി ഭവനിൽ ആണ് സംഭവം. ഇന്നലെ രാത്രി 10 മണിയോടെ ആണ് പാചകവാതകം ചോർന്നു തീപിടിച്ചതും പിന്നീട് പൊട്ടിത്തെറിച്ചതും.
സിലിണ്ടർ കണക്ഷൻ നൽകി തീ പകർന്നപ്പോൾ അസ്വാഭാവികമായി കത്തുകയും തീ സിലിണ്ടറിനുള്ളിലേക്ക് പടരുകയായിരുന്നു.
പ്രകാശ് തീ അണയ്ക്കാൻ ശ്രമം നടത്തി എങ്കിലും തീ ആളിപടരാൻ തുടങ്ങിയതോടെ ഭാര്യയെയും മക്കളെയും കൂട്ടി പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.
പ്രകാശും ഭാര്യ രജിതയും മൂന്നും ആറും വയസുള്ള മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ ഒരുഭാഗം പൂർണമായും കത്തി നശിച്ചു.
ഇവിടെ സൂക്ഷിച്ചിരുന്ന റേഷൻകാർഡ്, ജനന സർട്ടിഫിക്കറ്റ് ഉൾപ്പടെ രേഖകളും കുട്ടികളുടെ പുസ്തകങ്ങൾ, ലൈഫ് പദ്ധതിക്കായുള്ള അപേക്ഷകൾ, മൊബൈൽ ഉൾപ്പടെയുളവയും കത്തി നശിച്ചു.
കാട്ടാക്കടയിൽ നിന്നുമെത്തിയ അഗ്നിശമനസേന രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുരേഷ്, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ഡിനു മോൻ, വിനു, സജു, അജിത്, സജു എസ്, അഭിലാഷ്, ടോണി ബർണാഡ്, വിനോദ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്. പുതിയ കണക്ഷൻ കിട്ടിയപ്പോഴാണ് ഈ ദുരിതം നേരിട്ടത്.