മണ്ണാർക്കാട്: അടച്ചുപൂട്ടലിനെ തുടർന്ന് അടുക്കളയ്ക്ക് വിശ്രമമില്ലാ ദിനങ്ങളായതോടെ സംസ്ഥാനത്ത് ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ഉപയോഗം കുത്തനെ കൂടി.
ജനങ്ങൾ വീട്ടിൽ തന്നെ കഴിയുന്നതിനാൽ കൂടുതൽ ഭക്ഷണ വിഭവങ്ങൾ പാചകം ചെയ്യുന്നതാണ് കാരണം. ഉല്പാദനം വർദ്ധിപ്പിച്ച് ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എണ്ണക്കന്പനികൾ.
അതേസമയം വാണിജ്യ സിലിണ്ടറുകളുടെ വിതരണം നാമമാത്രമാക്കി.ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവ അടഞ്ഞു കിടക്കുന്നതും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഇല്ലാത്തതുമാണ് കാരണം.
പ്രധാന റിഫൈനറികളിലെല്ലാം എൽപിജി ഉല്പാദനം വർദ്ധിപ്പിച്ചു. ശേഷിയുടെ പരമാവധി ഉല്പാദനമാണ് ലക്ഷ്യം.അസംസ്കൃത എൽപിജിയുടെ ഉല്പാദനവും വർദ്ധിപ്പിക്കും.
പ്ളാന്റുകളിലും വിതരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് എൽപിജി ശേഖരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് ഐഒസി അധികൃതർ പറഞ്ഞു.
മണ്ണാർക്കാട് ഇന്ത്യൻ ഗ്യാസ് ഏജൻസിയിൽ നിന്നും ഭാരത് ഗ്യാസ് ഏജൻസിയിൽ നിന്നും വ്യാപകമായ തോതിൽ ആണ് ഗ്യാസ് കുറ്റികൾ വിറ്റഴിഞ്ഞു പോകുന്നത്.
വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് കുറ്റികളുടെ ഉപയോഗം കുറഞ്ഞു. ഗാർഹികാവശ്യത്തിനുള്ള ഗ്യാസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ് ഇപ്പോൾ. വരും ദിവസങ്ങളിൽ ഇത് കൂടുതൽ കൂടാനാണ് സാധ്യത ആവശ്യത്തിനുള്ള സിലിണ്ടറിന് സ്റ്റോക്കുണ്ട് എന്ന് അധികൃതർ അറിയിച്ചു.