പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഈ അമ്മ, ഗൗരിയമ്മ പല തലമുറകൾക്ക് സാക്ഷ്യം വഹിച്ച അമ്മ. പക്ഷേ ഈ വീടിന്റേയും മക്കളുടെയും ഐശ്വര്യമാണ്. കൊല്ലവർഷം 1088 ൽ ജനിച്ച ഗൗരിയമ്മയ്ക്ക് ഈ മകരമാസത്തിലെ അനിഴം നാളിൽ 108 വയസാകും.
ഒരു പിറന്നാൾ ദിനത്തിൽ മക്കളും മരുമക്കളും എത്തിച്ചേരാൻ കഴിയുന്ന കൊച്ചുമക്കളുമൊത്തുള്ള പിറന്നാളാഘോഷമാണ് ഇപ്പോൾ മനസിൽ താലോലിക്കുന്നത്.
വൃദ്ധരും അവശരുമായ മാതാപിതാക്കളെ വൃദ്ധസദനത്തിൽ എത്തിക്കുകയും തെരുവിൽ നടയിരുത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വന്ദ്യവയോധികയായ മാതാവിനെ ദൈവതുല്യം കാണുകയും പരിചരിക്കുകയും ചെയ്യുന്ന മക്കളും മരുമക്കളും ഈ സമൂഹത്തിന് മാതൃകയാവുകയാണ്.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഇടനാട് ഗൗരി സദന (പുളി വിള) ത്തിൽ ഗൗരിയമ്മയുടെ സംരക്ഷണവും പരിചരണവും സമൂഹത്തിന് മാതൃകയാണ്.
പുരാതനമായ ഇടനാട് പാതിരപ്പള്ളിൽ കുടുംബാംഗമായ ഗൗരിയമ്മയെ 13-ാം വയസിലാണ് ഇടനാട് വേളൂർ കുടുംബാംഗവും നാട്ടിലെ പ്രമാണിയുമായ കൊല്ലാക്കൽ പരമേശ്വരൻ പിള്ള കുഞ്ഞു പിള്ള പുടവ കൊടുത്ത് ഭാര്യയായി സ്വീകരിക്കുന്നത്.
ചാത്തന്നൂരിലെ ആദ്യകാല ജൗളി വ്യാപാരിയും പ്രമുഖ കർഷകനുമായിരുന്നു കുഞ്ഞൻപിള്ള.
കർഷകനെന്ന നിലയിൽ 40 ജോഡി കാളകളെ വരെ ഉഴവിനും മരമടിക്കുമായി സംരക്ഷിച്ചിരുന്നു. അവയെ സംരക്ഷിക്കാനും കൃഷിപ്പണികൾക്കുമായി ഏറെ ജോലിക്കാരും.
അതിന്റെയെല്ലാം മേൽനോട്ടവും ചുമതലയും ഗൗരിയമ്മ എന്ന യുവതിയ്ക്കായി. അങ്ങനെ വീട്ടമ്മയും കുടുംബ കാരണവത്തി യുമായി മാറി. 18-ാം വയസിൽ ആദ്യ മകൻ ദാമോദരൻ പിള്ളയ്ക്ക് ജന്മം നൽകി.
നായർ പ്രമാണിയായ ഭർത്താവ് കുഞ്ഞൻപിള്ള മന്നത്ത് പത്മനാഭന്റെ അടുത്ത അനുയായി ആയി മാറിയിരുന്നു. ഇടനാട്ട് നായർ സർവീസ് സൊസൈറ്റിയുടെ കരയോഗം സ്ഥാപകനും നേതാവുമായി.
ചാത്തന്നൂർ എൻഎസ്എസ് സ്കൂൾ സ്ഥാപനവുമായി ബന്ധപ്പെട്ട് മന്നത്ത് പത്മനാഭനും സംഘവുമെത്തിയപ്പോൾ തങ്ങിയത് കുഞ്ഞൻപിള്ളയുടെ വീട്ടിലാണ്.
ഉച്ചഭക്ഷണം ഒരുക്കിയതും വിളമ്പി കൊടുത്തതും ഗൗരിയമ്മയാണ്. ഗൗരിയമ്മയുടെ ഓർമ്മകളിൽ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടങ്ങളും അന്നത്തെ ജീവിത സാഹചര്യങ്ങളുമാണ് സാഹിത്യ ഭാഷയിലെ ഈ ഫ്യൂഡൽ കുടുംബത്തിലെ അംഗത്തിന്റെ ഓർമ്മയിലുള്ളത്.
രാഷ്ടീയ-സാമൂഹിക ജീവിതങ്ങളുടെ പല കാലഘട്ടങ്ങൾ അനുഭവിച്ചറിഞ്ഞ ഈ മുത്തശി, കുടുംബത്തിലെ പല തലമുറകൾക്ക് പുണ്യവതിയായ ഈ അമ്മ 1903-ൽ വഴികാട്ടിയും ദൈവതുല്യം ആരാധിച്ചിരുന്നതുമായ ഭർത്താവ് കുഞ്ഞൻപിള്ളയുടെ മരണത്തോടെയാണ് തറവാട്ടിന്റെ താക്കോൾ കുടുംബ വീട്ടിൽ താമസിക്കുന്ന മരുമകൾ ദേവകി അമ്മക്ക് കൈമാറിയത്.
മൂന്ന് ആൺമക്കളും അഞ്ചു പെൺമക്കളുമായിരുന്നു ഗൗരിയമ്മയ്ക്ക്. എല്ലാവരും ഉന്നത ഉദ്യോഗസ്ഥരുമായി. ഇപ്പോൾ പല സ്ഥലങ്ങളിൽ താമസിക്കുന്നു. ഒരു മകനും രണ്ട് പെൺമക്കളും മരണമടഞ്ഞു.
വിവാഹം കഴിഞ്ഞെത്തിയ തറവാട്ടിന്റെ ഐശ്വര്യ ദീപമായി മാറിയ ഈ മുത്തശി തറവാട് വിട്ടെങ്ങും താമസത്തിന് പോയിട്ടില്ല. ഇപ്പോൾ തറവാട്ടിൽ താമസിക്കുന്ന മകൻ ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ദേവകി അമ്മയുമാണ് ഗൗരി അമ്മയ്ക്ക് പ്രിയപ്പെട്ടവർ.
അടുത്ത കാലത്തായി കാഴ്ച – കേൾവി ശേഷികൾ നഷ്ടമായപ്പോൾ മക്കൾ ഹോംനേഴ്സ് മാരെ നിയോഗിച്ചു. അവരെ ഗൗരി അമ്മ ഓടിച്ചു വിട്ടു. എന്നെ എന്റെ മക്കളും മരുമക്കളും നോക്കിയാൽ മതി എന്ന നിലപാടിലാണ്. മക്കളും മരുമക്കളും ഇത് സന്തോഷപൂർവം ഏറ്റെടുക്കുകയും ചെയ്തു.
30- ഒാളം വർഷം വിദേശത്ത് ജോലി ചെയ്ത് തിരിച്ചു വന്ന കുടുംബ പാരമ്പര്യപ്രകാരം കൃഷി ഏറ്റെടുത്ത് നടത്തുന്ന ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ദേവകി അമ്മയുമാണ് ഈ അമ്മുമ്മയെ ദൈനം ദിനം പരിചരിക്കുന്നത്.
മറ്റ് മക്കളും മരുമക്കളും സൗകര്യം കിട്ടുമ്പോഴോക്കെ എത്തും. ഈ കുടുംബത്തിന് ഒരു മുദ്രാവാക്യമേയുള്ളൂ – ഈ അമ്മയാണ് കുടുംബത്തിന്റെ ഐശ്വര്യം.
വൃദ്ധ മാതാപിതാക്കളെ വഴിയിൽ നടയിരുത്തുന്നവർക്കും വൃദ്ധസദനങ്ങളിലെത്തിക്കുന്ന, കാരുണ്യവും മനുഷ്യത്വവും മാതൃ-പിതാ ബന്ധത്തിന്റെ മൂല്യവും മനസിലാക്കാൻ കഴിയാത്തവർക്ക് അപവാദമായി മാതൃ സ്നേഹത്തിന്റെ ശ്രീകോവിലായി ഗൗരി സദനം.
അവിടെ ശ്രീകോവിലിലെ ദേവിയായി ഗൗരിയമ്മ, ഭയ ഭക്തി ബഹുമാനങ്ങളോടെ മക്കളും മരുമക്കളും. ഈ കുടുംബത്തിൽ സ്നേഹവും ഐശ്വര്യവും തുളുമ്പുന്നു. – മാതൃകാരുണ്യമായി.