പ്രദീപ് ഗോപി
തമിഴ് സിനിമയിലൂടെ മലയാളിപ്രേക്ഷകര്‍ തിരിച്ചറിഞ്ഞ അഭിനേത്രിയാണ് മലയാളിയായ ഗൗരി ജി. കിഷന്. വിജയ് സേതുപതിയും തൃഷ കൃഷ്ണനും നായികാനായകന്മാരായ സിനിമയാണ് 96. തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തിന്റെ സ്കൂള്‍കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഗൗരിയുടെ അരങ്ങേറ്റം.
ഇന്നും തമിഴ് പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ട ജാനുവാണ് ഗൗരി. തലമുടി രണ്ടായി മെടഞ്ഞുകെട്ടി സ്കൂള്‍ യൂണിഫോം ഒക്കെയിട്ടുള്ള തുടക്കം ഗംഭീരമായി.
പിന്നീടു മലയാളത്തിലും സജീവമായ ഗൗരിക്ക് വിജയ് ചിത്രം മാസ്റ്ററിലും മികച്ച വേഷം ലഭിച്ചു. ഗൗരി നായികയായ ലിറ്റില്‍ മിസ് റാവുത്തര്‍ ഇക്കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ഇതു തനിക്കു കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രമെന്നു ഗൗരി പറയുന്നു.
• ലിറ്റില്‍ മിസ് റാവുത്തര്‍
ഈ ചിത്രം എന്റെ കരിയറില്‍ വളരെ വേറിട്ട കഥാപാത്രമാണെന്നാണ് എല്ലാവരും പറഞ്ഞത്. ഞാന്‍ വളരെ സന്തോഷത്തിലാണ്. നിരവധി പേര് അഭിനന്ദിച്ചു. ഈ സിനിമയും ഇതിലെ കഥാപാത്രവും എന്റെ കരിയറിലെ സ്പെഷലാണ്. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് ഒരു ടീമായും കുടുംബമായും ചെയ്ത മൂവിയാണിത്.
• ഉയരത്തിലെ പെണ്‍കുട്ടി
ഇതൊരു ഉയരം കൂടിയ യുവാവിന്റെയും ഉയരം കുറഞ്ഞ പെണ്‍കുട്ടിയുടെയും പ്രണയകഥയാണ്. നൈന റാവുത്തര്‍ എന്നാണ് ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ പേര്. വളരെ പ്രാക്ടിക്കലും സെന്‍സിബിളും സ്ട്രെയിറ്റ് ഫോര്‍വേഡും ആയ കഥാപാത്രം. അവള് പ്രണയിക്കുന്ന ആളാണെങ്കില്‍ നേരേ വിപരീതം. അവരുടെ ആ ബന്ധങ്ങളിലെ പല അവസ്ഥകളാണ് സിനിമ പറയുന്നത്. എനിക്കു വ്യക്തിപരമായി വളരെ റിലേറ്റ് ചെയ്യാന്‍ പറ്റിയ ഒരു കഥാപാത്രമാണ് നൈന. എന്റെ സ്വഭാവവുമായി എറെ സാമ്യമുള്ള ഒരു കഥാപാത്രം. അതുകൊണ്ടുതന്നെ ആ വേഷം അനായാസമായി തോന്നി.
• തുടക്കം തമിഴിലൂടെ
അഞ്ചു വര്‍ഷം മുമ്പു പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 2015-ല്‍ 96 റിലീസായത്. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തിയ സിനിമ. ഒരു ഓഡിഷന് കോള്‍ കണ്ടാണ് പങ്കെടുത്തത്. കിട്ടും എന്ന പ്രതീക്ഷ ഒന്നുമുണ്ടായിരുന്നില്ല. ഭരതനാട്യം പഠിച്ചിട്ടുണ്ട്. പെര്‍ഫോം ചെയ്യാന്‍ ഇഷ്ടമാണ്. സിനിമ കാണാനൊക്കെ വീട്ടിലുള്ള എല്ലാവര്ക്കും ഇഷ്ടമായിരുന്നു.
കുടുംബത്തിന്റെ പിന്തുണ ഉണ്ടായതുകൊണ്ടാണ് ഓഡീഷനു പോയത്. ആദ്യറൗണ്ടില്‍ കിട്ടിയില്ല. പിന്നീട് അതിലേക്കു വിളിക്കുകയായിരുന്നു. വളരെ അപ്രതീക്ഷിതമായാണ് ആ സിനിമയിലെത്തിയത്. സിനിമ റിലീസായി അഞ്ചു വര്‍ഷത്തിനു ശേഷവും ഞാന്‍ ചെയ്ത ജാനുവിന്റെ ചെറുപ്പകാലം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് ആ കഥാപാത്രത്തിന്റെ ഭംഗി തന്നെയാണ്.
• ഇളയദളപതിക്കൊപ്പം
മാസ്റ്റര്‍ എന്ന മാസ് പടത്തില്‍ സവിത എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. കോളജില്‍ പഠിക്കുന്ന സാധാരണക്കാരിയായ പാവം പെണ്‍കുട്ടി. വിജയ് സാറിന്റെ കഥാപാത്രത്തിന്റെ പിന്തുണയില്‍ ആത്മവിശ്വാസമൊക്കെ വന്നു കോളജ് വൈസ് ചെയര്മാനൊക്കെയായി മാറുന്നു. വിജയ് സാറിനൊപ്പം അഭിനയിക്കാന്‍ പറ്റിയത് ഒരു സ്വപ്നസാഫല്യമായിരുന്നു. വിജയ് സാറിനെ നേരിട്ടു കാണാന്‍ അവസരം ലഭിച്ചാല്‍ അവരെല്ലാം അദ്ദേഹത്തിന്റെ ഫാനായി മാറും.
പിന്നെ ആ സിനിമയില്‍നിന്നു മാളവിക മോഹനന്, ശന്തനു, അര്‍ജുന്‍ദാസ്, രമ്യ തുടങ്ങിയ സുഹൃത്തുക്കളെയും ലഭിച്ചു. എന്നെ ഏറെ സ്വാധീനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്.
• മലയാളത്തുടക്കം
മലയാളത്തില്‍ എന്റെ ആദ്യ സിനിമ സണ്ണി വെയ്ന്റെ കൂടെയുള്ള അനുഗ്രഹീതന്‍ ആന്റണിയാണ്. സഞ്ജന മാധവ് എന്ന വളരെ രസകരമായ ഒരു കഥാപാത്രം. ഇന്ദ്രന്‍സ് ചേട്ടന്, മണികണ്ഠന് ആചാരി, പ്രശാന്ത് ചേട്ടന്, മുത്തുമണിച്ചേച്ചി അങ്ങനെ നല്ല അഭിനേതാക്കളുള്ള, വളരെ നല്ല റീച്ച് കിട്ടിയ ഒരു സിനിമയായിരുന്നു അത്.
അതിനു ശേഷം അനുരാഗം ചെയ്തു. ഗൗതം മേനോന്, ജോണി ആന്റണി, ഷീലാമ്മ, അശ്വിന് ജോസ് തുടങ്ങിയവര്‍ക്കൊപ്പമുള്ള സിനിമ. മൂന്നാമത്തെ മലയാള സിനിമയാണു വിഷ്ണുദേവ് സംവിധാനം ചെയ്ത ലിറ്റില്‍ മിസ് റാവുത്തർ. ശ്രീനാഥ് ഭാസിക്കൊപ്പം ഒരു മലയാള സിനിമ കൂടി ചെയ്തു.
അത് ഉടൻ തിയറ്ററുകളിലെത്തും. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന മറ്റൊരു സിനിമയില്‍ ആശാവര്‍ക്കറുടെ വേഷവും ചെയ്തു. അതും റിലീസിനു തയാറെടുക്കുന്നു. തമിഴില്‍ ദി ബോട്ട് എന്നൊരു പീരിഡ് ഫിലിമും ഉടനെയെത്തും. എഴു തമിഴ് ചിത്രങ്ങളിലും രണ്ടു തെലുങ്ക് ചിത്രങ്ങളിലുമാണ് അഭിനയിച്ചത്.
• ഇഷ്ടപ്പെട്ട കഥാപാത്രം
ഒരു ആക്ഷന്‍ ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്. ഒപ്പം ബയോ പിക് ചിത്രങ്ങള്‍ ചെയ്യാനും മോഹമുണ്ട്. അങ്ങനെയുള്ള അവസരം വന്നാല്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കും.
• കിഷന് എന്ന പേര്
അച്ഛന് ഗീത കിഷന് അടൂര്‍ സ്വദേശിയാണ്. അമ്മ വീണ വൈക്കം സ്വദേശി. മൂത്ത സഹോദരന് ഗോവിന്ദ് കിഷൻ. കിഷന് എന്നൊരു സര്‍നെയിം മലയാളികള്‍ക്കിടയില്‍ ചുരുക്കമാണ്.
അച്ഛന്റെ മാതാപിതാക്കള്‍ അച്ഛനു പേരിട്ടപ്പോള്‍ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി കൃഷ്ണൻ എന്നതിനു കിഷന് എന്നാക്കിയതാണ്. അങ്ങനെയാണ് ഞാന്‍ ഗൗരി കിഷനായത്. സ്കൂൾ പഠനം ചെന്നെയിലായിരുന്നു. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിഎ ട്രിപ്പിള്‍ മേജര്‍ ഇന്‍ ജേര്‍ണലിസം, സൈക്കോളജി ആന്‍ഡ് ഇംഗ്ലീഷ് ലിറ്ററേച്ചര്‍ കഴിഞ്ഞു.