സെബി മാളിയേക്കൽ
“കഴിഞ്ഞാഴ്ച ഞാനും അമ്മേം ഇവിടെ നിക്ക്ന്പോ, ഒരു കടന്നല് പച്ചനെറത്തിലുള്ള ഒരു പുഴൂനേം കൊണ്ട് എന്റെ സൈക്കിളിന്റെ ഉള്ളീയ്ക്കു പോണു. ഞാനും അമ്മേം പത്ക്കെ… പോയി നോക്കി.
പിന്നെ അവിടെ നടന്ന കാര്യങ്ങളൊക്കെ വീഡിയോ എടുത്തു. അതാണ് നിങ്ങക്ക് കാണിച്ച് തരാൻ പോണത്. ഈ കടന്നലിന്റെ പേര് ഇന്ത്യൻ പോട്ടർ വാസ്പ് എന്നാണ്.
നമ്മ്ടെ നാട്ടിൽ ഇതിനെ വേട്ടാളൻ എന്നാണ് പറയണത്’. കിളിക്കൊഞ്ചലായി അവൾ മൊഴിയാൻ തുടങ്ങി. ഇതു പാറുഎന്ന ഗൗരി. കൊടുങ്ങല്ലൂർ ടികെഎസ് പുരത്തു താമസിക്കുന്ന വലപ്പാട് പൈനൂർ സ്വദേശി അനീഷിന്റെയും ജ്യോതിയുടെയും ഏക മകൾ.
ജന്തുലോകത്തെ ഇത്തിരിക്കുഞ്ഞന്മാരുടെ കൗതുകം കലർന്ന വിശേഷങ്ങൾ തനിമയാർന്ന അവതരണത്തിലൂടെ ജനഹൃദയങ്ങളിലെത്തിക്കുന്ന കൊച്ചുമിടുക്കി.
കളിമണ്ണിൽ വെള്ളവും ഉമിനീരും ഉപയോഗിച്ച് കടന്നലുകൾ കൂടുണ്ടാക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ..? പ്രാണികൾക്കിടയിലെ ന്യൂറോ സർജൻമാരാണു കടന്നലുകൾ എന്നറിയാമോ..?
ഇവ പുഴുക്കളുടെ തലച്ചോറിൽ വിഷം കുത്തിവച്ച് മസ്തിഷ്ക മരണം നടത്തി കൂട്ടിൽ കൊണ്ടുവരുന്നതു കണ്ടിട്ടുണ്ടോ..? റാണി ഉറുന്പുകൾ കൂടുമാറുന്ന കാഴ്ച കണ്ടിട്ടുണ്ടോ..?
പുഴു പ്യൂപ്പയായി മാറുന്നതും ശലഭമായി പറന്നുയരുന്നതും കണ്ടിട്ടുണ്ടോ..? ഇതെല്ലാം ഈ കുഞ്ഞുമിടുക്കി പകർത്തിയിട്ടുണ്ട്. മണിക്കൂറുകൾ കാത്തിരുന്ന് അതിസൂക്ഷ്മ ചലനങ്ങൾ ഒപ്പിയെടുത്ത് അവതരിപ്പിക്കുകയാണു കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയായ ഈ കുഞ്ഞു ഗവേഷക.
തുടക്കത്തിലേ പറഞ്ഞ കടന്നലിൽ തുടങ്ങി, കുഞ്ഞനുറുന്പുകളുടെ വന്പത്തരങ്ങളും ചിത്രശലഭങ്ങളുടെ ജീവിത രഹസ്യങ്ങളും പറയുന്ന അഞ്ചു വീഡിയോകൾ ഉൾപ്പെടെ എട്ടെണ്ണമേ തന്റെ മൈൻഡ്ട്രീ എന്ന യൂട്യൂബ് ചാനലിലൂടെ ഗൗരി ഇട്ടിട്ടുള്ളൂവെങ്കിലും ഇന്നു ലക്ഷക്കണക്കിനു പേരാണ് ഈ കുരുന്നുപ്രതിഭയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.
കടന്നലിന്റെയും ഉറുന്പുകളുടെയും വീഡിയോ 24,000 പേരേ യുട്യൂബ് ചാനലിലൂടെ കണ്ടിട്ടുള്ളൂ. പക്ഷേ, ഫേസ് ബുക്കിലൂടെയും വാട്സാപ്പിലൂടെയും ലക്ഷക്കണക്കിനുപേരാണ് ഇതു ഷെയർ ചെയ്തത്.
“ 2019 ഒക്ടോബറിൽ പാരന്റിംഗ് ടിപ്സ് നൽകുന്നതിനായാണ് ഞാൻ ഈ ചാനൽ ആരംഭിച്ചത്. പക്ഷേ, ലോക്ക് ഡൗണ് കാലത്ത് (ഏപ്രിൽ 15 ന്) ഗൗരിയുടെ ആദ്യവീഡിയോ പോസ്റ്റ് ചെയ്തതോടെ ആയിരംപേർ പോലും ഇല്ലാതിരുന്ന സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒറ്റയടിക്കു പതിനായിരം കടന്നു.’’ -അച്ഛൻ അനീഷ് പറഞ്ഞു.
അച്ഛമ്മ കുമുദാബായും അമ്മൂമ്മയും കൊടുങ്ങല്ലൂർ നഗരസഭ 35-ാം വാർഡ് കൗണ്സിലറുമായ കെ.പി. ശോഭയും പേരക്കുട്ടിക്കു വലിയ പ്രോത്സാഹനവുമായി എപ്പോഴും ഒപ്പമുണ്ട്.
‘ചിത്രശലഭങ്ങളുടെ വീഡിയോ എടുക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. രണ്ടുതവണ ശ്രമിച്ചിട്ടും പ്യൂപ്പ ശലഭമായി മാറുന്നതു കാണാനായില്ല. അപ്പൊ മനസിലായി അതിരാവിലെയാണ് ഈ പ്രക്രിയ നടക്കുന്നതെന്ന്. ഞങ്ങൾ പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റിരുന്നു വീക്ഷിക്കാൻ തുടങ്ങി.
നാലരയോടെ പാറുവിനെ വിളിച്ചെഴുന്നേല്പിച്ചു. അന്നാണ് അതു ചിത്രീകരിക്കാനായത്. ഇപ്പോ അവൾക്കു വല്യ താത്പര്യമാണ്, അസാമാന്യക്ഷമയും. പിന്നെ അനീഷ് പ്ലാനറ്റ് എർത്തിലെ ഡേവിഡ് ആറ്റൻബറോയുടെ വീഡിയോകളോടു ക്രേസുള്ള ആളായിരുന്നു.
അതിനാൽ സ്ക്രിപ്റ്റൊക്കെ ആളുതന്നെ ശരിയാക്കും. ഇപ്പോ വല്യ ത്രിലില്ലാണു ഞങ്ങളുടെ പാറു, നിങ്ങടെ ഗൗരി’ അമ്മ ജ്യോതി പറഞ്ഞുനിർത്തി.