ന്യൂഡൽഹി: ലോക്സഭാ മണ്ഡലമായ ഈസ്റ്റ് ഡൽഹിയിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകാനുള്ള പദ്ധതിയുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ രംഗത്ത്.
ജനകീയ അടുക്കള (ജൻ രസോയി) എന്ന പേരിൽ തുടങ്ങുന്ന ആദ്യ കാന്റീനിന്റെ ഉദ്ഘാടനം ഇന്ന് ഡൽഹിയിലെ ഗാന്ധി നഗ റിൽ നടത്തും. രണ്ടാമത്തെ കാന്റീൻ അശോക് നഗറിൽ റിപ്പബ്ലിക് ദിനത്തിൽ ആരംഭിക്കുമെന്നും ഗൗതം ഗംഭീറിന്റെ ഓഫീസ് അറിയിച്ചു.
ചോറ്, പരിപ്പു കറി, പച്ചക്കറി ചേർത്ത കറി എന്നിവ ഉൾപ്പെട്ട ഭക്ഷണമാണ് തയാറാക്കുന്നത്. ഗൗതം ഗംഭീർ ഫൗണ്ടേഷനിൽ നിന്നുള്ള ഫണ്ടും എംപിയുടെ വ്യക്തിഗത സഹായവും ചേർത്താണ് പദ്ധതിക്കുള്ള പണം കണ്ടെത്തുന്നത്. ഈസ്റ്റ് ഡൽഹിയിലെ 10 നിയമസഭ മണ്ഡലങ്ങളിലും ഓരോ കാന്റീനുകൾ തുടങ്ങാ നാണ് പദ്ധതി.
ഒരേ സമയത്ത് നൂറ് പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം ഇപ്പോൾ ഒരേ സമയം 50 പേർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.
എല്ലാവർക്കും ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണത്തിന് അവകാശമുണ്ടെന്നും ജാതി, മത, സാന്പത്തിക പരിഗണനകളില്ലാതെ ഭക്ഷണം ലഭിക്കേണ്ടതുണ്ടെന്നും ഗൗതം ഗംഭീർ എംപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.