തമിഴിലെ പ്രമുഖ സംവിധായകനാണ് ഗൗതം വാസുദേവ മോനോൻ. തമിഴ് പ്രേക്ഷകർക്ക് മാത്രമല്ല മലയാളി പ്രേക്ഷകരുടെയും ഇഷ്ട സംവിധായകനാണ് അദ്ദേഹം.
തമിഴിൽ അദ്ദേഹം ഒരുക്കിയ മികച്ച പ്രണയ ചിത്രമായിരുന്നു വിണ്ണൈ താണ്ടി വരുവായാ. ചിന്പുവും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്ന് തുറന്നു പറയുകയാണ് ഗൗതം വാസുദേവ മോനോൻ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
എന്റെ ജീവിതത്തിലുമുണ്ടായിരുന്നു ഒരു ജെസി. എന്നെക്കാൾ പ്രായം കൂടിയ ആ പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. വീടിന്റെ മുകൾനിലയിലാണ് അവർ താമസിച്ചിരുന്നത്. മലയാളി തന്നെ. എല്ലാം സിനിമയിലേതു പോലെ തന്നെ. കൗമാരത്തിൽ മനസിലുണ്ടായിരുന്ന പ്രണയം റീക്രിയേറ്റ് ചെയ്യുകയായിരുന്നു ചിത്രത്തിൽ.
അന്ന് താമസിച്ചിരുന്നതു പോലെ ഒരു വീട് ഷൂട്ടിംഗിനായി തേടി കണ്ടുപിടിച്ചു. സിനിമയിലെ ജെസി എങ്ങനെ ആ സിനിമയിൽ കാർത്തിക്കിന്റെ കൂടെ ഇരുന്ന് പടം കണ്ടോ അതുപോലെ യഥാർഥ ജീവിതത്തിലെ ജെസി ചെന്നൈയിൽ വച്ച് എന്റെ കൂടെയിരുന്ന് ഈ പടം കണ്ടു.
വളരെ റിയലിസ്റ്റികായി, കാൻഡിഡ് ആയാണ് ചിത്രം ഷൂട്ട് ചെയ്തത്. അതിൽ തൃഷ നടന്നു വരുന്ന സീനിൽ സാരിയുടെ മുന്താണി പറക്കുന്നതു പോലും നാച്ചുറലായി വന്നതാണ്. അതിൽ പകുതി രംഗങ്ങളിലും താരങ്ങൾ അഭിനയിക്കുന്പോൾ കാമറ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു. കാരണം, കുറേ സീനുകൾ റിഹേഴ്സൽ സമയത്ത് ഷൂട്ട് ചെയ്യുകയായിരുന്നു.’’ ഗൗതം മേനോൻ പറഞ്ഞു.