ന്യൂഡല്‍ഹി: 2011 ലോകകപ്പ് ഫൈനലില്‍ വിജയം കുറിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ സിക്സിനോട് കാണിക്കുന്ന അമിത സ്നേഹം അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. അന്ന് ധോണിയായിരുന്നു ക്യാപ്റ്റന്‍.
28 വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന്റെ ഒമ്പതാം വാര്‍ഷിക ദിനത്തിലാണ് ഗംഭീര്‍ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
2011ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ വിജയിച്ച മത്സരത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് മത്സരം ജയിപ്പിച്ച ധോണിയുടെ സിക്സായിരുന്നു.
ഇന്ത്യയുടെ രണ്ടാമത്തെ ഏകദിന ലോകകപ്പ് ജയത്തിന്റെ വാര്‍ഷികദിനമായ ഇന്നലെ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ ധോണിയുടെ ഈ സിക്സിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് മറുപടിയെന്നോണമാണ് ഗംഭീര്‍ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ രംഗത്തെത്തിയത്. “ഒന്നോര്‍ക്കുക 2011 ലോകകപ്പ് ജയിച്ചത് ഇന്ത്യന്‍ ടീം ഒന്നടങ്കവും സപ്പോര്‍ട്ട് സ്റ്റാഫും ചേര്‍ന്നാണ്. ഒരു സിക്സിനോടുള്ള നിങ്ങളുടെ സ്നേഹം വല്ലാണ്ട് കൂടുന്നുണ്ട്’’ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
2011 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിക്ക് വെറും മൂന്നു റണ്‍സകലെ വച്ചാണ് ഗംഭീര്‍ പുറത്തായത്. എന്നാല്‍, നാലാം നമ്പറില്‍ കളിച്ച് 91 റണ്‍സെടുത്ത ധോണിയായിരുന്നു ഫൈനലിലെ താരം.
ടീമിന് ഒരു കൂട്ടുകെട്ട് ആവശ്യമുള്ള ഘട്ടത്തില്‍ ധോണിക്കൊപ്പം ക്രീസില്‍ ഉറച്ചുനിന്നതും ഗംഭീറായിരുന്നു. ധോണി-ഗംഭീര്‍ കൂട്ടുകെട്ട് 109 റണ്‍സാണ് എടുത്തത്.