മുംബൈ: വസ്ത്രവ്യാപര രംഗത്തെ പ്രമുഖരായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ (58) ഭാര്യ നവാസ് മോദിയുമായുള്ള 32 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെ ഗൗതംതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
“മുന്‍കാലത്തെപ്പോലെയുള്ള ദീപാവലിയല്ല ഇത്തവണത്തേത്’ എന്ന മുഖവുരയോടെയാണ് ഈ കുറിപ്പ് തുടങ്ങുന്നത്. ദമ്പതികളായും മാതാപിതാക്കളായും പരസ്പരം ശക്തിസ്രോതസുകളായും 32 വര്‍ഷം ഒരുമിച്ച് ജീവിച്ചു.
വിശ്വാസം, ദൃഢനിശ്ചയം, പ്രതിബദ്ധത എന്നിവയിലൂടെ സഞ്ചരിക്കവേ ഏറ്റവും മനോഹരമായ രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ ജീവിതത്തിലെത്തി. അടുത്തകാലത്ത് നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി.
ഗോസിപ്പുകളും അഭ്യൂഹങ്ങളും പ്രചരിച്ചു. നവാസും ഞാനും രണ്ട് വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മക്കളായ നിഹാരികയ്ക്കും നിസയ്ക്കും വേണ്ടതെല്ലാം തുടര്‍ന്നും ചെയ്യും. ഞങ്ങളുടെ തീരുമാനത്തെയും സ്വകാര്യതയെയും ബഹുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’-ഗൗതം എക്സില്‍ കുറിച്ചു.
ഗൗതം സിംഘാനിയയ്ക്ക്11,000 കോടി രൂപയിലധികം ആസ്തിയുണ്ട്. സോളിസിറ്റര്‍ ജനറല്‍ നടാര്‍ മോദിയുടെ മകളായ നവാസ് 1999ലാണ് ഗൗതമിനെ വിവാഹം ചെയ്തത്. ഫിറ്റ്നസ് രംഗത്താണ് നവാസ് ജോലി ചെയ്യുന്നത്.
കഴിഞ്ഞാഴ്ച താനെയിലെ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നവാസിനെ അകത്ത് പ്രവേശിപ്പിക്കാതെ ഗൗതം ഗേറ്റ് പൂട്ടിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന് ഗൗതം അറിയിച്ചത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.