എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവർ ഗവാസ്കറെ മർദ്ദിച്ച സംഭവത്തിലെ അന്വേഷണം നിലച്ചു. ദാസ്യപ്പണി ചെയ്യാത്തതിനാണ് ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ എ.ഡി.ജി.പിയുടെ മകൾ ഗവാസ്കറെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
ഈ കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബി.കെ പ്രശാന്തനാണ് അന്വേഷിക്കുന്നത്. സംഭവം നടന്ന് ഇന്ന് 108-ാമത്തെ ദിവസമാണ്. അന്വേഷണം ഇതുവരെ പൂർത്തിയാക്കുകയോ കുറ്റംപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെ സുദേഷ് കുമാറിന്റെ മകൾ ഗൾഫിലേയ്ക്ക് പോകുകയും ചെയ്തു. അവിടെ നിന്ന് ഉടൻ കാനഡയിലേയ്ക്ക് പോകുമെന്ന വിവരമാണ് ലഭിക്കുന്നത്.
എഡി.ജി.പിയുടെ മകൾ വിദേശത്തേക്ക് കടന്നിട്ടും അന്വേഷണം പൂർത്തിയാക്കുവാനോ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനോ തയ്യാറാവാതെ അന്വേഷണം സംഘം ഒളിച്ചു കളിക്കുകയാണ്. ഇരുവരുടേയും പരാതിയിൽ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുപേരും തങ്ങൾക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഗവാസ്കർ നിലവിൽ എസ്.എ.പി ക്യാന്പിൽ ജനറൽ ഡ്യൂട്ടിയാണ് നിർവഹിക്കുന്നത്. മർദ്ദനത്തിൽ കൈക്കേറ്റ പരുക്കിന് ഇപ്പോഴും ചികിത്സ തുടരുകയാണെന്ന് ഗവാസ്കർ രാഷ്ട്രദീപികയോട് പറഞ്ഞു.
കേസന്വേഷണം പൂർത്തിയാകാത്തതിൽ ആശങ്കയുണ്ടെന്നും അവസാനം താൻ കുറ്റക്കാരനാകുമെന്ന ഭീതിയുണ്ടെന്നും ഗവാസ്കർ പറയുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി സുദേഷ് കുമാറിനെ ബറ്റാലിയൻ എ.ഡി.ജി.പി സ്ഥാനത്തു നിന്ന് കോസ്റ്റൽ എഡി.ജി.പിയുടെ തസ്തികയിലേയ്ക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകാതെ കടുത്ത സമ്മർദ്ദത്തിലാണ് അന്വേഷണ സംഘം.
ഉന്നതതലത്തിലെ ഇടപെടലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റംപത്രം സമർപ്പിക്കാതെ കേസ് അവസാനിപ്പിച്ച മട്ടിൽ നിൽക്കാൻ കാരണം. കേസ് അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് ആവർത്തിച്ച സർക്കാരോ ഡി.ജി.പിയോ അന്വേഷണ പുരോഗതിയെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്യുന്നില്ല. കേസിന്റെ നടത്തിപ്പിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് പറഞ്ഞ പോലീസ് അസോസിയേഷനും ഇക്കാര്യം മറന്ന മട്ടാണ്.
ഈ നിലയ്ക്കാണ് അന്വേഷണം തുടരുന്നതെങ്കിൽ ഒരിക്കലും അന്വേഷണം പൂർത്തായാകാത്ത കേസുകളുടെ പട്ടികയിൽ ദാസ്യപ്പണി കേസും അവസാനിക്കുമെന്ന് ഉറപ്പാണ്.കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എ.ഡി.ജി.പിയുടെ മകളെയും ഭാര്യയും കൊണ്ട് പൊലീസ് വാഹനത്തിൽ കനകുന്നിലെത്തിയതായിരുന്നു ഗവാസ്ക്കർ. വീട്ടിൽ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഗവാസ്കർ നേരത്തെ എ.ഡി.ജി.പിയോട് പരാതിപ്പെട്ടിരുന്നു.
ഇതിൽ പ്രകോപിതരായ ഭാര്യയും മകളും യാത്രയിലുടനീളം തന്നോട് മോശമായി സംസാരിച്ചെന്നും പിന്നീട് പൊലീസ് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെത്തുടർന്ന് തന്നെ എ.ഡി.ജി.പിയുടെ മകള്‍ മർദിച്ചുവെന്നാണ് ഗവാസ്ക്കറുടെ പരാതി. കഴുത്തിന് പിന്നില്‍ നാല് തവണയും തോളില്‍ മൂന്ന് തവണയും ഇടിച്ചുവെന്നും പരാതിയിൽ പറയുന്നു. മർദിക്കാനുപയോഗിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല.