ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് വിക്കറ്റുമായി അശ്വിൻ തിളങ്ങിയതിന് പിന്നാലെ വിദേശ മത്സരങ്ങളിൽനിന്ന് അശ്വിനെ ഒഴിവാക്കിയതിനെതിരേ സുനിൽ ഗാവസ്കർ. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അവിഭാജ്യഘടകമാണ് അശ്വിൻ. വിദേശ പര്യടനങ്ങളിൽ അശ്വിൻ താരതമ്യങ്ങളുടെ ഇരയാണ്.
ഓസ്ട്രേലിയയിൽ കളിക്കുന്പോൾ നഥാൻ ലിയോണുമായും ഇംഗ്ലണ്ടിൽ കളിക്കുന്പോൾ മോയിൻ അലിയുമായും അശ്വിനെ താരതമ്യം ചെയ്യാറുണ്ട്. അവർ വിക്കറ്റെടുക്കുന്ന പിച്ചിൽ അശ്വിന് തിളങ്ങാൻ കഴിയുന്നില്ലെന്നാണ് വിമർശകർ ആരോപിക്കുന്നത്. എന്നാൽ, ക്രിക്കറ്റിൽ ഇതെല്ലാം സംഭവിക്കും- ഗാവസ്കർ പറഞ്ഞു.
ഗ്രൗണ്ടിലെ പ്രകടനം മാത്രമല്ല അശ്വിനെ ഒഴിവാക്കാൻ കാരണമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ 350നടുത്ത് വിക്കറ്റെടുത്ത ഒരു ബൗളറെ എങ്ങനെയാണ് തുടർച്ചയായി അവഗണിക്കാനാവുക. തന്നിൽ വിശ്വാസമുണ്ടെന്ന ചിന്ത അശ്വിനിൽ ഉണ്ടാക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിക്കേണ്ടതെന്നും ഗാവസ്കർ പറഞ്ഞു.