എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകൾ പോലീസുകാരൻ ഗവാസ്കറെ മർദിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു. ഉന്നത പോലീസ് തലത്തിലെ സമ്മർദ്ദത്തെതുടർന്ന് അന്വേഷണ പുരോഗതി ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഈ കേസ്. ഗവാസ്കറെ എഡിജിപിയുടെ മകൾ മർദിച്ചതായും ദാസ്യപ്പണി എടുപ്പിച്ചതായുമുള്ള പരാതിയിൽ കഴന്പുണ്ടെന്ന് അന്വേഷണം സംഘം കണ്ടെത്തിയെങ്കിലും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ടു പോകാതെ നിൽക്കുകയാണ്.
ഗവാസ്കർ അലക്ഷ്യമായി വണ്ടിയോടിച്ച് പരിക്കേൽപ്പിച്ചെന്ന എ.ഡി.ജി.പിയുടെ മകളുടെ പരാതിയിൽ കഴന്പില്ലെന്ന് അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. എ.ഡി.ജി.പിയുടെ മകളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അടക്കമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
എന്നാൽ തന്നോട് ഗവാസ്കർ മോശമായി പെരുമാറിയെന്ന പരാതിയിൽ എ.ഡി.ജി.പിയുടെ മകൾ ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം ഏതു തരത്തിൽ മുന്നോട്ടു കൊണ്ടുപോകണമെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് തന്നെ വ്യക്തയില്ല. ഇതിനിടെ ഗവാസ്കറുമായി ഒത്തു തീർപ്പിനുള്ള സാധ്യതകൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ടു ഇടപെട്ടു തന്നെ തുടരുകയാണ്.
ഗവാസ്കർ ഇതിനു തയ്യാറാകാതെ നിൽക്കുന്നതാണ് പ്രധാന തടസം. എ.ഡി.ജി.പിയുടെ മകൾക്കെതിരെയുള്ള പരാതി പിൻവലിക്കാൻ തയ്യാറാകാത്തതിനാൽ തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനുള്ള ശ്രമം നടക്കുന്നതായുള്ള ഗവാസ്കറുടെ പരാതി മുഖ്യമന്ത്രിയുടെ മുന്നിലുള്ളതിനാൽ അന്വേഷണ സംഘം കരുതലോടെയാണ് നീങ്ങുന്നത്.
മുഖ്യമന്ത്രി ഈ വിഷയത്തിൽ ശക്തമായ നടപടി വേണമെന്ന നിലപാടിൽ നിൽക്കുന്നതിനാലാണ് കേസ് ഒത്തുതീർപ്പാകാതെയും ഗവാസ്കറിനെതിരെ പോലീസ് നീങ്ങാതേയുമിരിക്കുന്നത്. തത്കാലം അന്വേഷണം സാവധാനം കൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെയും തീരുമാനം. വിവാദം ഉടനെ തന്നെ കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് എ.ഡി.ജി.പിയും അദ്ദേഹത്തോട് അടുപ്പമുള്ള മുതിർന്ന ഉദ്യോഗസ്ഥരും.
നു