കൊച്ചി: എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധ പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസിൽ പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടേയെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്നിഗ്ധ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.
മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാരും കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. കേസിൽ സ്നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിൽ സ്നിഗ്ധയ്ക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഗവാസ്കറുടെ ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഗവാസ്കർക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്നിഗ്ധ പരാതി നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചത്.
ജൂണ്‍ 14ന് കനകക്കുന്നിൽ വച്ചായിരുന്നു ഗവാസ്കർക്കു മർദനമേറ്റത്. അന്ന് രാവിലെ എഡിജിപിയുടെ ഭാര്യയെയും സ്നിഗ്ധയെയും പ്രഭാത നടത്തത്തിനായി ഒൗദ്യോഗിക വാഹനത്തിൽ ഗവാസ്കർ കനകക്കുന്നിൽ കൊണ്ടുപോയിരുന്നു.
തിരികെ വരുന്പോൾ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്തവിളിക്കുകയും ഇതിനെ എതിർത്തു വണ്ടി റോഡിൽ നിർത്തിയതോടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ച് സ്നിഗ്ധ ഗവാസ്കറെ മർദിക്കുകയുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗവാസ്കർ പരാതി നൽകിയത്.