കൊച്ചി: പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധ ഹൈക്കോടതിയിൽ. കേസിൽ താൻ നിരപരാധിയാണ്. ഇരയായ തന്നെയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നതെന്നും കേസിലെ തുടർനടപടിൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്നിഗ്ധ ഹർജി നൽകിയത്.
സ്നിഗ്ധയുടെ ഹർജി ഹൈക്കോടിതി ഇന്ന് തന്നെ പരിഗണിക്കും. ഉച്ചയ്ക്കുശേഷമാണ് ഹർജി പരിഗണിക്കുന്നത്. ജൂൺ 14നാണ് സ്നിഗ്ധ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്കർ പോലീസിൽ പരാതി നൽകിയത്. കനകക്കുന്നിൽ പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയെയും സ്നിഗ്ധയെയും കൊണ്ടു പോയിരുന്നുവെന്നും അവിടെവച്ച് സ്നിഗ്ധ മർദിച്ചുവെന്നുമാണ് ഗവാസ്കറുടെ പരാതി.
ഗവാസ്കറോട് പിതാവ് ജോലിക്കു വരരുതെന്ന് ജൂൺ 13 നിർദേശിച്ചിരുന്നു. എന്നാൽ ജൂൺ 14ന് ഗവാസ്കർ ഔദ്യോഗിക വാഹനവുമായി ജോലിക്കെത്തിയെന്നും തിരികെ ഓഫീലേക്കു പോകുന്ന വഴി തന്നെയും അമ്മയേയും കനകക്കുന്നിൽ വിടാൻ പിതാവ് നിർദേശിച്ചിരുന്നു.
തങ്ങളെ കനകക്കുന്നിൽ ഇറക്കിയശേഷം ഗവാസ്കർ മടങ്ങി പോയില്ലെന്നും തന്റെ കാലിലൂടെ പിതാവിന്റെ ഔദ്യോഗിക കാർ കയറ്റിയിറക്കിയെന്നും കൈയിൽ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നും സ്നിഗ്ധ ഹർജിയിൽ പറയുന്നു. സംഭവത്തിൽ സ്നിഗ്ധയും ഗവാസ്കറിനെതിരെ പരാതി നൽകിയിരുന്നു. ഇരുവരുടെയും പരാതിയിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.