തിരുവനന്തപുരം: ഒരു വ്യക്തി വിചാരിച്ചാല്‍ ഒരു സമൂഹത്തെത്തന്നെ മാറ്റാമെന്ന് പറയാറുണ്ട്. അതിനുദാഹണമാണ് ഗവാസ്‌കര്‍ എന്ന പോലീസ് ഡ്രൈവര്‍. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസുകാരനെ കയ്യേറ്റം ചെയ്തതിനു പിന്നാലെയാണു പൊലീസിലെ വീട്ടുഡ്യൂട്ടി ചര്‍ച്ചയായത്. എണ്‍പതോളം ഐപിഎസുകാരുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും വീട്ടുജോലിക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി രണ്ടായിരത്തിലേറെ പൊലീസുകാരാണുള്ളത്. ഇവര്‍ക്കു പ്രതിമാസശമ്പളച്ചെലവ് എട്ടുകോടി രൂപയാണ്.
ക്യാപ് ഫോളോവേഴ്‌സ് എന്ന ഓമനപ്പേരില്‍ പോലീസുകാരെ വീട്ടുജോലി ചെയ്യിപ്പിക്കുന്ന പരിപാടി ഇനി നടക്കില്ല. ക്യാംപ് ഫോളോവര്‍മാരെ വീട്ടുജോലിക്കു നിര്‍ത്തിയാല്‍ ആ കാലയളവിലെ ശമ്പളം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുമെന്നും സര്‍ക്കാര്‍ സ്ഥാപനമെന്ന രീതിയില്‍ സ്വന്തം ക്വാര്‍ട്ടേഴ്സുകളില്‍ ഇവരെ ജോലിക്കു നിര്‍ത്തുന്നത് അനുവദനീയമല്ലെന്നും കേരളാ പൊലീസില്‍ ഉത്തരവ് തന്നെയുണ്ട്. എന്നാല്‍ ഇതിന്റെയെല്ലാം പരസ്യലംഘനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഗവാസ്‌കറിന്റെ ധീരമായ വെളിപ്പെടുത്തലോടെ നൂറു കണക്കിന് പോലീസുകാരാണ് അടിമപ്പണിയില്‍ നിന്ന് മോചിതരാകുന്നത്. പോലീസുകാരെയെല്ലാം തിരിച്ചു വിളിക്കാനാണ് ഡിജിപിയുടെ തീരുമാനം.
അതായത് ഗവാസ്‌കറുടെ തുറന്നു പറച്ചില്‍ കാരണം ഖജനാവിന് ലാഭം എട്ട് കോടി. ഇനി കുറച്ചു കാലത്തേക്ക് എങ്കിലും ഐപിഎസുകാര്‍ വീട്ടുജോലിക്കാര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് കാശ് നല്‍കേണ്ടിവരും. ക്യാംപ് ഫോളോവര്‍മാരെ നിയമാനുസൃത ജോലിക്കു മാത്രമേ നിയോഗിക്കാവൂ എന്നു കാണിച്ചു സര്‍ക്കാരും ഡിജിപിമാരും 15 വര്‍ഷത്തിനിടെ അര ഡസന്‍ ഉത്തരവുകള്‍ ഇറക്കിയെങ്കിലും ഒന്നും നടപ്പായില്ല.
2002ലാണ് ആദ്യമായി ഉത്തരവ് ഇറക്കുന്നത്. പിന്നെ മുറപോലെ ഉത്തരവിറങ്ങി. ടി.പി സെന്‍കുമാര്‍ പോലീസ് മേധാവിയായിരുന്നപ്പോഴാണ് അവസാനമായി ഉത്തരവിറക്കിയത്. 2015 ജൂലൈ മൂന്നിനായിരുന്നു അത്. ഗവാസ്‌കറിന്റെ തുറന്നുപറച്ചിലിനു ശേഷം കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്. ഈ ഉത്തരവു പ്രകാരം, എഡിജിപി സുദേഷ് കുമാര്‍ അടക്കം, പൊലീസുകാരെക്കൊണ്ടു ദാസ്യവേല ചെയ്യിക്കുന്ന എല്ലാ ഐപിഎസ് ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍നിന്നു പണം ഈടാക്കണം. ഇത്രയും കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ തല്‍കാലം കടക്കില്ല. എന്നാല്‍ മുന്നറിയിപ്പുകള്‍ നല്‍കും.
ഇതിനായി എസ്പി മുതല്‍ ഡിജിപി വരെ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 26നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിട്ടുണ്ട്. വര്‍ക്കിങ് അറേഞ്ച്മെന്റ് എന്ന പേരിലും അല്ലാതെയും ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫിസിലും അനധികൃതമായി ജോലിക്കു നിയോഗിച്ചിരിക്കുന്നവരെ അതിനു മുന്‍പായി അടിയന്തരമായി മാതൃയൂണിറ്റുകളിലേക്കു മടക്കിവിടാനാണു തീരുമാനം. പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസര്‍ എന്ന പേരില്‍ ഔദ്യോഗിക ഉത്തരവിലൂടെ നിയോഗിച്ചിരിക്കുന്ന രണ്ടു പൊലീസുകാരെയും ഒരു ഡ്രൈവറെയും നിലനിര്‍ത്തും. അനധികൃതമായി ജോലിക്കു നിയോഗിക്കപ്പെട്ടവരുടെ പട്ടിക ഡിജിപി ശേഖരിച്ചു കഴിഞ്ഞു. ഒരേ ഉദ്യോഗസ്ഥനൊപ്പം മൂന്നു വര്‍ഷത്തിലേറെയായി ജോലിചെയ്യുന്നുവെന്ന കാരണം കാണിച്ചാകും ഭൂരിപക്ഷത്തെയും തിരിച്ചയയ്ക്കുക. ഉത്തരവില്ലാതെ നിര്‍ത്തിയവരെയും സമ്മതമില്ലാതെ നിര്‍ബന്ധിച്ചു നിര്‍ത്തിയവരെയും തിരികെ വിടാനാണ് തീരുമാനം.