കൊച്ചി: പോലീസ് ഡ്രൈവറായ ഗവാസ്കറെ മർദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്ന് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സമയം വേണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്കർ നൽകിയ ഹർജി പരിഗണിക്കവെയാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഗവാസ്കറിന്റെ ഹർജിയിൽ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടിയിരുന്നു. കേസ് ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ജൂൺ 14നാണ് സ്നിഗ്ധ ഗവാസ്കറെ മർദ്ദിച്ചത്. സംഭവം ഉണ്ടായിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും സ്നിഗ്ധയെ അറസ്റ്റു ചെയ്യാൻ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചിട്ടില്ല. സ്നിഗ്ധയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.
ഗവാസ്കർ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും കാലിൽ വാഹനം കയറ്റിയെന്നുമാണ് സ്നിഗ്ധയുടെ പരാതി. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്കർ കോടതിയെ സമീപിച്ചത്. സ്നിഗ്ധയുടെ പരാതിയിലും കൂടുതൽ തെളിവ് ശേഖരിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.