പത്തനംതിട്ട: ഗവി നിവാസികളുടെ ചിരകാല സ്വപ്നമായ മൊബൈല്‍ കവറേജും ഇന്റർനെറ്റും യാഥാര്‍ഥ്യമാകുന്നതായി ആന്റോ ആന്റണി എംപി അറിയിച്ചു. മൊ
ബൈല്‍ ടവറിന്റെ ഫൗണ്ടേഷന് നിര്‍മാണം പൂര്‍ത്തീകരിച്ചു. ടവര്‍ നിര്‍മാണത്തിനുള്ള സാമഗ്രികള്‍ ഗവിയില്‍ എത്തിച്ചിട്ടുണ്ട്.
ഗവിയില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുന്നതിന് വേണ്ടി ടെലിഫോണ്‍ അഡൈ്വസറി കമ്മിറ്റിയില്‍ നിരവധി തവണ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ കവറേജും ഇന്റര്‍നെറ്റും ഗവിയില്‍ ലഭ്യമാക്കാന്‍ സാധിച്ചതെന്ന് എംപി പറഞ്ഞു.
നൂറ്റി അമ്പതോളം കുടുംബങ്ങളാണ് ഗവിയില്‍ അധിവസിക്കുന്നത്. കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനായി മാറിയപ്പോഴും ഗവിയിലെ കുട്ടികള്‍ക്ക് അത് അപ്രായോഗികമായിരുന്നു.
കുട്ടികള്‍ ഈ സമയത്ത് മൊബൈല്‍ കവറേജ് തേടി ഉള്‍വനത്തിലെ മലമുകളിലേക്ക് കയറി പോകുകയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പരിമിതമായ സൗകര്യങ്ങളുള്ള ഒരു സ്കൂളാണ് ഗവി ട്രൈബല്‍ സ്കൂള്‍. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ സ്കൂളില്‍ കംപ്യൂട്ടറുകളും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും എംപി ഫണ്ടില്‍നിന്നു പണം അനുവദിച്ചതായി ആന്റോ ആന്റണി പറഞ്ഞു.
വേണ്ട വിധത്തിലുള്ള ടെലി കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ കെഎസ്ഇബിയിലും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷനിലും ശബരിമല തീര്‍ഥാടന സമയത്ത് കൊച്ചുപമ്പയില്‍ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും വളരെ പ്രയാസം അനുഭവിച്ചിരുന്നു.
ഇന്റര്‍നെറ്റിന്റെയും ടെലി കമ്യൂണിക്കേഷന്റെയും നൂതന സാധ്യതകള്‍ തുറന്നു കൊടുത്തുകൊണ്ട് ബിഎസ്എന്‍എല്‍ 2ജി, 3ജി സര്‍വീസുകള്‍ ഇപ്പോള്‍ ആരംഭിക്കും.
അതിനുശേഷം ആറുമാസത്തിനുള്ളില്‍ 4ജി സര്‍വീസിലേക്ക് മാറുമെന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പൊന്നമ്പലമേട് ഉള്‍പ്പെടെ മൊബൈല്‍ കവറേജും ഇന്റര്‍നെറ്റും ലഭ്യമാകുന്ന വിധത്തിലാണ് ടവര്‍ നിര്‍മിക്കുന്നതെന്നും എംപി പറഞ്ഞു.