പ്രകൃതി രമണീയതയാലും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളാലും സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലമാണ് ഗവി. ഇപ്പോഴിതാ ഗവി നിവാസികളുടെ ചിരകാല സ്വപ്നമായ മൊബൈൽ കവറേജും ഇന്റർനെറ്റും യാഥാർഥ്യമായിരിക്കുകയാണ്.
ഗവിക്ക് ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ ബിഎസ്എൻഎൽ ഫോർ ജി ടവർ ആന്റോ ആന്റണി എംപി നാടിനു സമർപ്പിച്ചു. ബിഎസ്എൻഎൽ പത്തനംതിട്ട ജനറൽ മാനേജർ സാജു ജോർജ് അധ്യക്ഷത വഹിച്ചു.
ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിനുവേണ്ടി ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ നിരവധിത്തവണ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ കവറേജും ഇന്റർനെറ്റും ഗവിയിൽ ലഭ്യമാക്കാൻ സാധിച്ചതെന്ന് എംപി പറഞ്ഞു.
ഏകദേശം 150 കുടുംബങ്ങളാണ് ഗവിയിൽ വസിക്കുന്നത്. ദിവസേനയുള്ള രണ്ട് കെഎസ് ആർടിസി ബസ് സർവീസുകൾ ഒഴിച്ചാൽ ദൈനംദിന ആവശ്യങ്ങൾക്കുപോലും പുറത്തുകടക്കുക വളരെ പ്രയാസകരമായ ഒരു സ്ഥലമാണ് ഗവി.
പുറമേ നിന്നുള്ള ധാരാളം സഞ്ചാരികൾ പ്രതിദിനം ഗവിയിൽ എത്തുന്നുണ്ട്. വനമേഖലകൂടിയായ പ്രദേശത്ത് അടിയന്തര സാഹചര്യമുണ്ടായാൽ പുറംലോകത്തേക്ക് വിവരം എത്തിക്കുക ബുദ്ധിമുട്ടായിരുന്നു. പത്തനംതിട്ടയിൽ നിന്നുള്ള യാത്രയിൽ മൂഴിയാറിനുശേഷം കൊച്ചുപന്പയിൽ നേരിയ കവറേജ് ലഭ്യമായിരുന്നു. ഗവിയിലേക്കെത്തിയാൽ ഒട്ടുംതന്നെ കവറേജ് ഉണ്ടായിരുന്നില്ല. ഇതിനു പരിഹാരമായാണ് വനംവകുപ്പിന്റെ കൂടി അനുമതിയോടെ ടവർ സ്ഥാപിച്ചത്.
ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കെഎസ്ഇബിയിലും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനിലും ശബരിമല തീർഥാടനകാലത്ത് കൊച്ചുപമ്പയിലും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർ ഏറെ പ്രയാസപ്പെട്ടിരുന്നു.
കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിലേക്ക് കുട്ടികൾ മാറിയപ്പോഴും ഗവിയിലെ കുഞ്ഞുങ്ങൾക്ക് ഇത് അന്യമായിരുന്നു. ബിഎസ്എൻഎൽ മൊബൈൽ ടവർ യഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.