പത്തനംതിട്ട: ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകൾക്ക് മികച്ച പ്രചാരണം നൽകി കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് നൂതന പദ്ധതി നടപ്പാക്കാൻ ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ (ഡിടിപിസി) യോഗം തീരുമാനിച്ചു.
യോഗത്തിൽ എംഎൽഎമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, കോന്നി ഡിഎഫ്ഒ കെ.എൻ. ശ്യാം മോഹൻലാൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം.ഹുസൈൻ, ഡിറ്റിപിസി സെക്രട്ടറി ആർ.ശ്രീരാജ്, ഡിടിപിസി അംഗങ്ങളായ മോഹൻരാജ് ജേക്കബ്, എ.എൻ. സലിം, മനോജ് ചരളേൽ, ആർ. അജയകുമാർ, അജി അലക്സ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽ കൂട്ടാകുന്ന പദ്ധതികൾ വിശദമായി ആസൂത്രണം ചെയ്യാൻ ജനപ്രതിനിധികളും ജില്ലാ കളക്ടറും അടങ്ങുന്ന ഉപസമിതിക്ക് രൂപം നൽകി. ഗവിയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിന് ഡിറ്റിപിസി പുതിയ രണ്ടു വാഹനങ്ങൾ സജ്ജമാക്കും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കും. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം യോഗം വിലയിരുത്തി.
വിനോദസഞ്ചാര സാധ്യത പ്രചരിപ്പിക്കുന്നതിന് ശബരിമലയുമായി ബന്ധപ്പെട്ട് ഡിടിപിസിയുടെ സ്റ്റാൾ തുടങ്ങുന്നതിനും തീരുമാനമായി. ഡിറ്റിപിസിക്ക് വരുമാനം ലഭിക്കുന്ന രീതിയിൽ വേണം വിനോദ സഞ്ചാര മേഖലയിലെ പദ്ധതികൾ ആവിഷ്കരിക്കേണ്ടതെന്ന് രാജു ഏബ്രഹാം എംഎൽഎ നിർദേശിച്ചു. ആറൻമുളയിൽ പുരാവസ്തു പ്രദർശനം നടത്താൻ ഡിറ്റിപിസി നടപടി സ്വീകരിക്കണമെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു.
തീർഥാടന ടൂറിസം പദ്ധതികൾക്ക് ജില്ലയിൽ അനന്ത സാധ്യതയുണ്ടെന്നും ഇതിന് അനുസൃതമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്നും ചിറ്റയം ഗോപകുമാർ എംഎൽഎയും പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ സ്വഭാവിക ഭംഗി നിലനിർത്തുന്നതിന് ആവശ്യമായ നടപടി വൈദ്യുതി ബോർഡുമായി ചർച്ച ചെയ്യണമെന്ന് രാജുഏബ്രഹാം എംഎൽഎയും നിർദേശിച്ചു.