കൊച്ചി: ഫ്ലാറ്റിൽനിന്ന് വീണുമരിച്ച എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹമാണ് ബന്ധുക്കൾ ഏറ്റെടുത്തത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പോലീസിനു കൈമാറും. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോകാനാണ് തീരുമാനം.
വീട്ടിലേക്ക് കൊണ്ടു പോകുന്നതിനു മുൻപായി മനുവിന്റെ പങ്കാളിയായ മുണ്ടക്കയം സ്വദേശി ജെബിന് കളമശേരി മെഡിക്കൽ കോളജിൽവച്ച് അന്തിമോപചാരം അർപ്പിക്കാൻ കോടതി അനുമതി നൽകി.
അതേസമയം, മൃതദേഹത്തെ അനുഗമിക്കാൻ അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും മനുവിന്റെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കാൻ കുടുംബം അനുവദിച്ചാൽ ജെബിന് ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കളമശേരിയിലെ ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് മനുവിന് പരിക്കേൽക്കുന്നത്. ഫോൺ ചെയ്യുന്നതിനായി ടെറസിലേക്കു പോയ മനു കാല്തെന്നി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണപ്പെടുകയായിരുന്നു.
മനുവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി പങ്കാളി ജെബിൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വാർത്തകളിൽ ഇടം നേടിയത്. മനുവിന്റെ കുടുംബം തങ്ങളുടെ ബന്ധത്തിന് എതിരാണെന്നും ഹർജിയിൽ ജെബിൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ മനുവിന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ അവരുടെ അഭിപ്രായം കൂടി അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്ന് വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് തങ്ങളുടെ മകന്റെ മൃതദേഹം ഏറ്റെടുക്കുന്നതിനു സന്നദ്ധരാണെന്ന് മാതാപിതാക്കൾ അറിയിച്ചത്. തുടർന്ന് മനുവിന്റെ മാതാപിതാക്കൾ ഇയാളുടെ മൃതദേഹം വിട്ടുനൽകുകയായിരുന്നു.