ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് പേര് വിയോജിച്ചതോടെയാണ് ഹര്‍ജി തള്ളിയത്.
ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റീസ് എസ്.കെ.കൗളും മാത്രമാണ് സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തോട് യോജിച്ചത്. ജസ്റ്റീസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവര്‍ ഇതിനെതിരേ നിലപാടെടുക്കുകയായിരുന്നു.
ഹര്‍ജിയില്‍ നാല് വിധിന്യായങ്ങളാണ് ഉണ്ടായിരുന്നത്. സ്പെഷല്‍ മാരേജ് ആക്ടില്‍ മാറ്റം വരുത്തി സ്വവര്‍ഗവിവാഹം കൂടി അംഗീകരിക്കണമെന്ന ഹര്‍ജിക്കാരുടെ വാദത്തോട് യോജിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസിന്റെ വിധി ന്യായം.
പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ് നിയമസാധുതയെന്ന സ്പെഷല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ സ്പെഷല്‍ മാരേജ് ആക്ട് കോടതിക്ക് റദ്ദാക്കാന്‍ കഴിയില്ല. നിയമത്തില്‍ മാറ്റം വേണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗലൈംഗികത ഉന്നതവിഭാഗങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് നഗര, വരേണ്യ സങ്കല്പമല്ല, തുല്യതയുടെ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.