മുക്കം: ലോക്ഡൗൺ മൂലം പട്ടിണിയിലും ദുരിതത്തിലുമായി അന്ധരായ തെരുവ് ഗായകർ. വിവിധ അങ്ങാടികളിലും പൊതു പരിപാടികളിലും ഗാനങ്ങൾ ആലപിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന ഇവരിപ്പോൾ കടുത്ത ദുരിതത്തിലാണ് കഴിയുന്നത്.
കാഴ്ചയില്ലാത്തതിനാൽ മറ്റു ജോലികൾക്ക് പോവാൻ ഇവർക്ക് തടസവുമുണ്ട്. സർക്കാർ നൽകുന്ന തുച്ഛമായ പെൻഷൻ കൊണ്ട് ജീവിച്ചു പോകാൻ പറ്റാത്ത അവസ്ഥയാണെന്നും ഇവർ പറയുന്നു.
തെരുവുകളിൽ പാടി ലഭിക്കുന്ന അന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്ന ഇവർക്ക് കൊവിഡ് ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വലിയ ദുരിതം സഹിച്ചാണ് ഇവരുടെ കുടുംബം ഇപ്പോൾ കഴിയുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിക്കാത്തതും അന്ധ ഗായകരുടെ ജീവിതം ദുരിതപൂർണമാക്കുന്നു.
വാഹനവും മൈക്ക് സെറ്റും വാടകയ്ക്കെടുത്താണ് ഇവർ തെരുവിലേക്ക് ഇറങ്ങുന്നത്. ഒന്നാം തരംഗത്തിന് ശേഷം ജീവിതം പച്ച പിടിച്ചു വരുന്നതിനിടെയാണ് രണ്ടാം തരംഗം ഇവരെ ബാധിച്ചത്.
കാരശേരി പഞ്ചായത്തിലെ എടലംപാട്ട് സ്വദേശിയായ സുരേഷ് വർഷങ്ങളായി തെരുവിൽ ഗാനമാലപിച്ചു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.
ഭാര്യയും ഭാര്യയുടെ അമ്മയും രണ്ടു മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. പത്തിലും ആറിലും പഠിക്കുന്ന മക്കളായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ പോലും ഈ കലാകാരന് ഇതുവരെ സാധിച്ചിട്ടില്ല.
വീട്ടിൽ ആകെയുള്ളത് ഒരു ടി.വിയാണ്. മൊബൈൽ ഫോൺ ആണെങ്കിൽ കേടുവന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം സുരേഷ് ഓട്ടോറിക്ഷ വാടകക്കെടുത്ത് മൈക്ക് സൈറ്റുമായി രണ്ടു സുഹൃത്തുക്കളോടൊപ്പം തെരുവിലേക്കിറങ്ങിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ അദ്ദേഹത്തെ തടയുകയായിരുന്നു.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരായി കഴിയുന്ന തങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകി ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും പെൻഷൻ തുക വർധിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.