തിരുവനന്തപുരം: തന്പാനൂരിലെ ലോഡ്ജിൽ ഗായത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണിനെ റിമാൻഡ് ചെയതു. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
കേസ് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കും. ഞായറാഴ്ച രാവിലെയാണ് തന്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജ് മുറിയിൽ കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രിദേവിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 10നാണ് കൊല്ലം പരവൂർ സ്വദേശി പ്രവീണ്‍ (35) ലോഡ്ജിൽ മുറിയെടുത്തത്. കാട്ടാക്കടയിലെത്തി ഗായത്രിയെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു.
ലോഡ്ജിലെത്തിയശേഷം പ്രവീണ്‍ താലികെട്ടുന്ന ചിത്രങ്ങൾ ഗായത്രി ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി.
പ്രവീണ്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് ഫേസ്ബുക്കിൽ നിന്ന് ഗായത്രി ഫോട്ടോ നീക്കം ചെയ്തു. തമിഴ്നാട്ടിലേക്ക് പ്രവീണ്‍ ജോലിക്ക് പോകുന്പോൾ തന്നെ ഒപ്പം കൂട്ടണമെന്ന് ഗായത്രി ആവശ്യപ്പെട്ടതോടെ വീണ്ടും തർക്കം തുടങ്ങി.
ഈ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഗായത്രിയുടെ ഫോണുമായി പോയശേഷം ബസിലിരുന്ന് താലികെട്ടുന്ന ഫോട്ടോ പ്രവീണ്‍ തന്നെ പോസ്റ്റ് ചെയ്തു.
അന്വേഷണം ഉണ്ടായാൽ വഴിതെറ്റിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് പ്രവീണ്‍ പോലീസിനോട് പറഞ്ഞു.കഴിഞ്ഞ വർഷം ജനുവരിയിൽ നഗരത്തിലെ ഒരു പള്ളിയിൽ വച്ചാണ് പ്രവീണ്‍ ഗായത്രിയെ താലി കെട്ടിയത്.
തന്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജിൽ ഇതിന് മുൻപും ഇരുവരും മുറിയെടുത്ത് താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഗായത്രിയുടെ ഫോൺ ഉപയോഗിച്ചത് പ്രവീൺ
കാട്ടാക്കട : തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട ഗായത്രിയുടെ ഫോണിൽ വിളിച്ചപ്പോൾ പ്രവീണാണ് ഫോൺഎടുത്തതെന്ന് അമ്മ പോലീസിനോടു പറഞ്ഞു.
നിരവധി പ്രാവശ്യം വിളിച്ചിട്ടും മകൾക്ക് പ്രവീൺ ഫോൺ നൽകിയില്ലെന്നും ആരാണ് എന്ന ചോദ്യത്തിന് ഗായത്രിയെ വിവാഹം കഴിച്ചയാൾ എന്നാണ് പ്രവീൺ മറുപടി നൽകുന്നതെന്നും അമ്മ പറഞ്ഞു.
മഹിതയുടെ (ഗായത്രിയെ വീട്ടിൽ വിളിക്കുന്ന പേര്) ബന്ധുവെന്നു പറഞ്ഞാണ് ഫോൺവിളിച്ചതെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോൺ ഗായത്രിക്ക് കൈമാറാൻ പ്രവീൺ തയാറായില്ലെന്നും അമ്മ പറഞ്ഞു.
തുടർന്നാണ് മരണ വിവരം വീട്ടുകാർ അറിയുന്നത്.നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീൺ പറഞ്ഞു.
ഗായത്രിയുടെ മ്യതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.