ദാമ്പത്യജീവിതം മൂന്നുമാസം! തുടര്‍ന്ന് ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവും; മരണത്തിന് മുമ്പ് ഗായത്രി മുന്നറിയിപ്പ് നല്‍കിയത് സഹോദരീ ഭര്‍ത്താവിനെപ്പറ്റിയും

വെറും മൂന്നുമാസം മാത്രമാണ് ഗായത്രി വിവാഹ ജീവിതത്തിന്റെ മാധുര്യം ആസ്വദിച്ചത്. ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവും സഹിക്കവയ്യാതെ ഒടുവില്‍ ഗായത്രി മരണത്തിലേക്ക് നടന്നടുത്തു. പാറശാല ഇടിച്ചക്കപ്ലാമൂട് ഗായത്രി ഭവനില്‍ പരേതനായ നാഗപ്പന്‍ നായരുടേയും മംഗളകുമാരിയുടേയും മകള്‍ ഗായത്രിയെ (23) ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിട്ട് മാസം ഒന്നായിട്ടും പോലീസ് ഇതുവരെ അന്വേഷണത്തില്‍ കാര്യമായ ഉത്സാഹം കാണിക്കുന്നില്ലെന്ന പരാതി ബന്ധുക്കള്‍ക്കുണ്ട്.

അരുണ്‍ നിവാസില്‍ ബാലകൃഷ്ണപിള്ളയുടെയും ഗിരിജകുമാരിയുടെയും മകന്‍ അരുണിന്റെയും (27) ഗായത്രിയുടെയും വിവാഹം ജൂലൈ 16ന് ആയിരുന്നു. വിവാഹശേഷം ഗായത്രി ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു. പത്തനാപുരത്തെ ഒരു ജുവലറിയില്‍ ജീവനക്കാരനായിരുന്ന അരുണ്‍ മധുവിധു ദിനങ്ങളില്‍ തന്നെ ഗായത്രിയോട് പലവിധത്തിലുള്ള അസ്വാരസ്യങ്ങളും പ്രകടിപ്പിച്ചിരുന്നത്രേ. ഗര്‍ഭിണിയാണന്ന വിവരം അറിയിച്ചപ്പോള്‍ തെറി അഭിഷേകം നടത്തിയ അരുണിനോട് എന്നെ ഇഷ്ടമില്ലായിരുന്നു എങ്കില്‍ പിന്നെ എന്തിന് വിവാഹം കഴിച്ചുവെന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഗായത്രിയെ തളര്‍ത്തിയെന്നും വീട്ടുകാര്‍ പറയുന്നു.

സഹോദരീ ഭര്‍ത്താവായ ഓട്ടോ ഡ്രൈവറും തന്നെ പലതവണ ശല്യം ചെയ്തിരുന്നതായി മരിക്കുന്നതിന് മുമ്പ് ഗായത്രി അമ്മയോട് പറഞ്ഞിരുന്നു. മറ്റുള്ളവരോട് മാന്യമായി പെരുമാറുന്ന അയാള്‍ക്ക് ഗായത്രിയോടുള്ള പെരുമാറ്റത്തില്‍ പല ദുരുദ്ദേശങ്ങളുമുണ്ടായിരുന്നു. ഇതൊന്നും കാര്യമാക്കാന്‍ കൂട്ടാക്കാതിരുന്ന അരുണിന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഉപദ്രവം തുടര്‍ന്നുുവത്രേ. കഴിഞ്ഞ 10-ാം തീയതി ഗായത്രിയുടെ വല്യച്ഛന്‍ വിദ്യാധരന്‍ നായരുടെ മകന്റെ കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു. വിവരം അരുണിനോട് പറഞ്ഞെങ്കിലും അയാള്‍ ചെവിക്കൊണ്ടില്ല. ഗായത്രിയെ വീട്ടിലിരുത്തി അമ്മയും അനുജനും ചടങ്ങിന് പോയി. അരുണിന്റെ മാതാപിതാക്കളും ചടങ്ങിനെത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞ് അരുണിന്റെ മാതാപിതാക്കളും ഗായത്രിയെ കാണാനായി വീട്ടിലേക്ക് വന്നു. വീടിന്റെ മുന്നിലെയും പിന്നിലെയും കതകുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ അടുക്കള ജന്നലിന്റെ വിടവിലൂടെ നോക്കിയപ്പോഴാണ് ഗായത്രി തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related posts