കൊല്ലങ്കോട്: ഗായത്രിപ്പുഴപാലം നിലനിർത്തി സമീപം പുതിയ പാലം നിർമിക്കണമെന്ന ജനകീയ ആവശ്യം ശക്തം. അഞ്ചുവർഷംമുന്പ് നിലവിലുള്ള പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്ന് മുൻ എംഎൽഎ ചെന്താമരാക്ഷൻ പാലംപൊളിച്ചു പണിയാൻ സർക്കാരിൽനിന്നും അനുമതി നേടിയിരുന്നു. എന്നാൽ പിന്നീടു ജയിച്ചുവന്ന കെ.ബാബു എംഎൽഎ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല.
കൈവരി തകർന്ന പുഴപ്പാലത്തിലൂടെ ഇരുചക്ര, കാൽനടയാത്രക്കാർ ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പാലത്തിന്റെ ഇരുഭാഗത്തും പത്തു ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നതു നിരോധിച്ച് രണ്ടുവർഷംമുന്പ് മുന്നറിയിപ്പ് ബോർഡ് വച്ചിരുന്നു.എന്നാൽ ഇത് അവഗണിച്ച് തമിഴ്നാട്ടിൽനിന്നും കരിങ്കല്ലുമായി തുടർച്ചയായി പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിക്കുകയാണ്. അറുപതുവർഷംമുന്പ് നിർമിച്ച പാലത്തിനു വീതിയും കുറവാണ്.
പുതിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ നേരത്തെ സമരങ്ങൾ നടത്തിയിരുന്നു. വെൽഫെയർ പാർട്ടി പ്രവർത്തകർ പാലത്തിൽ റീത്തുവച്ചും പ്രതിഷേധിച്ചു.പുതുനഗം, വടവന്നൂർ ഭാഗത്തുനിന്നും കൊല്ലങ്കോടിനെ ബന്ധിപ്പിക്കാനുള്ള ഏകമാർഗമാണ് ഗായത്രിപുഴ പാലം. ഈ പാലം പൊളിച്ചു പണിയുകയാണെങ്കിൽ വർഷങ്ങളോളം ഗതാഗതടസം നേരിടും. ഈ സാഹചര്യത്തിലാണ് പുതിയ പാലം നിർമിക്കേണ്ട സാധ്യതയേറുന്നത്.
കരിങ്കൽകെട്ടിയ തൂണുകൾക്കുമുകളിൽ ഇരുന്പുദണ്ഡുകൾ വച്ചാണ് പാലം നിർമിച്ചിരിക്കുന്നത്.ഇപ്പോൾ ഇരുന്പുദണ്ഡുകൾക്ക് ഇടയിലുള്ള കോണ്‍ക്രീറ്റ് സ്ലാബുകൾക്ക് ബലക്ഷയമുണ്ട്.ഏതുസമയത്തും കോണ്‍ക്രീറ്റു തകർന്നുവീഴാനുള്ള സാധ്യത ഏറെയാണ്. പാലം പൂർണമായും തകർന്നാലേ പുതുക്കിപണിയൂ എന്ന നിലപാടിലാണ് സർക്കാർ.