അഭിനേത്രിയാവുക എന്ന ആഗ്രഹത്തിന് അച്ഛൻ എതിരായിരുന്നുവെന്നു നടി ഗായത്രി സുരേഷ്. വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയുമുണ്ട്. അച്ഛന്റെ പേര് സുരേഷ്. ബിസിനസാണ്. അമ്മ രേഖ അധ്യാപികയാണ്. അനിയത്തിയുടെ പേര് കല്യാണി. അവള് ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. അമ്മ ടീച്ചര്‍ ആയിരുന്നെങ്കിലും അത്ര കര്ക്കശക്കാരിയൊന്നും അല്ല.
സിനിമയിലേക്കു വരുമ്പോള്‍ അമ്മ നല്ല സപ്പോര്‍ട്ട് ആയിരുന്നു. എന്നാല്‍ അച്ഛന് ഒട്ടും താത്പര്യം ഇല്ലായിരുന്നു. സിനിമാ മേഖലയെക്കുറിച്ച് അക്കാലത്തൊക്കെ മോശം അഭിപ്രായങ്ങളല്ലേ കേട്ടിരുന്നത്. പെണ്‍കുട്ടികള്‍ക്കു സുരക്ഷിതമല്ല എന്നാണ് അച്ഛന് കരുതിയിരുന്നത്.
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്നാണ് അച്ഛന് എന്നോടു പറഞ്ഞത്. അതേസമയം അതൊന്നും അച്ഛന് ചെയ്യില്ലെന്ന് തനിക്ക് അറിയാമായിരുന്നു . ജമ്നപ്യാരിയിലേക്ക് അവസരം വന്നപ്പോള്‍ ഞാനും അമ്മയും കുറേ പറഞ്ഞു. അച്ഛാ എനിക്ക് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ മതി. ഇതെന്താണെന്ന് ഒന്നു അറിയാനാണ് എന്നൊക്കെ പറഞ്ഞ് സമ്മതിപ്പിച്ചു.
സെറ്റിലേക്ക് അച്ഛനും അമ്മയും വരാറുണ്ടായിരുന്നു. സിനിമ റിലീസ് ആയപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും ഒക്കെ വേണ്ടി ആദ്യ ദിവസം അച്ഛന് തൃശൂരിലെ ഒരു തിയറ്റര്‍ ഹാള്‍ മുഴുവനായി ബുക്ക് ചെയ്തു. അച്ഛനു സിനിമ ഇഷ്ടപ്പെട്ടു. പിന്നെ മനസിലായി കൂടെ നില്ക്കുന്നതാണു നല്ലതെന്ന്. ഇവളെന്തായാലും ഇതുമായി മുന്നോട്ടു പോകും എന്ന് അച്ഛനു മാനസിലായി.
നേരത്തെയൊക്കെ ഇന്റര്‍വ്യുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ആലോചിക്കാതെ എനിക്കപ്പോള്‍ തോന്നിയതങ്ങു പറയും. ആ സമയത്ത് എന്റെ മാനസികാവസ്ഥ എന്താണ് എന്നതനുസരിച്ചിരിക്കും. പിന്നെ അത് ട്രോള്‍ ആയി മാറും. പക്ഷെ എന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയാമല്ലോ അതല്ല ഞാന്‍ എന്ന്.
അപ്പോള്‍ അവര്‍ ചോദിക്കും, നീ എന്താ ഈ കാണിക്കുന്നതെന്ന്. എന്റെ പൊന്നു ഗായത്രി ഒന്ന് മിണ്ടാതിരിക്ക് എന്ന് അമ്മ പറയും. അതേസമയം ട്രോളുകളും വിമര്‍ശനങ്ങളും ആദ്യമൊക്കെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിലും എന്റെ ആത്മവിശ്വാസം കൂടാന്‍ അതെല്ലാം കാരണമായി- ഗായത്രി പറഞ്ഞു.