
രാംദാസിനു നൃത്തം പോലെ തന്നെ ജീവനാണ് അനുജത്തി ഗായു എന്ന ഗായത്രി. ഇന്നലെ നടന്ന അദർ ഫോംസ് ഓഫ് ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ കുച്ചിപ്പുടിയിൽ പങ്കെടുത്ത രാംദാസ് ചമയമഴിക്കുന്നതിനു മുൻപു തന്നെ ഇതേ വേദിയിൽ കുച്ചിപ്പുടിയിൽ മൽസരിക്കുന്ന സഹോദരിക്കരികിലേക്കോടിയെത്തി.
കാരണം ഗായത്രിയെ നൃത്തം പഠിപ്പിച്ച് ഒപ്പം വേദിയിലെത്തിക്കുന്നത് ഗുരുവായ ഈ ഏട്ടനാണ്. ഇതു വരെ നടന്ന മൽസരങ്ങളിൽ അഞ്ചിനങ്ങളിൽ സമ്മാനം നേടിയ രാംദാസ് കലോൽസവത്തിലെ താരമാകുമെന്നുറപ്പായി. സഹോദരങ്ങൾ ഒരേ ഇനത്തിൽ പങ്കെടുത്ത അപൂർവതയും വേദി രണ്ടിലുണ്ടായി.
പാലാ സെന്റ് തോമസ് കോളജിലെ എംഎ ഹിസ്റ്ററി രണ്ടാം വർഷം വിദ്യാർഥി കെ.എസ്. രാംദാസും മണർകാട് സെന്റ് മേരീസ് കോളജിലെ എംഎ ലിറ്ററേച്ചർ വിദ്യാർഥിനി കെ.എസ്. ഗായത്രിയും കലാരംഗത്തെ അപൂർവ സഹോദരങ്ങളാണ്.
കലോൽസവത്തിൽ ഭരതനാട്യത്തിനും കഥകളിക്കും ഒന്നാംസ്ഥാനവും കേരളനടനത്തിനും കുച്ചിപ്പുടിക്കും രണ്ടാംസ്ഥാനവും നാടോടി നൃത്തത്തിന് മൂന്നാം സ്ഥാനവും നേടിയാണ് രാംദാസ് കലാപ്രതിഭ പട്ടത്തിലേക്ക് കൂടുതൽ അടുത്തിരിക്കുന്നത്.
കഴിഞ്ഞ 25ന് ഒന്പതു രാജ്യങ്ങളുടെ പ്രതിനിധികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച സൗത്ത് ഏഷ്യൻ യൂത്ത് ഫെസ്റ്റിവൽ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഭരതനാട്യം അവതരിപ്പിച്ചത് രാംദാസായിരുന്നു.
നൃത്താധ്യാപക ദന്പതികളായ പട്ടം ജി. സനൽകുമാർ, കലാക്ഷേത്ര ജിഷാ രാഘവ് എന്നിവരാണ് രാംദാസിന്റെ പരിശീലകർ. ഇളയ സഹോദരി ഗായത്രിയെ നൃത്തവേദിയിലേക്ക് കൈപിടിച്ചുയർത്തിയത് രാംദാസാണ്.
തിരുവാതിരകളിയിലും കുച്ചിപ്പുടിയിലും ഗായത്രിക്ക് ഗ്രേഡ് ലഭിച്ചു. പാലാ കാരമംഗലത്ത് മനയിൽ സുബ്രമണ്യൻ നന്പൂതിരിയുടെയും സുജയുടെയും മക്കളാണ് ഇരുവരും.