ടെൽ അവീവ്: ഗാസ വെടിനിർത്തൽ കരാറിൽ അവസാന നിമിഷ പ്രതിസന്ധി. ധാരണകൾ പാലിക്കുന്നതിൽ ഹമാസ് വീഴ്ച വരുത്തുന്നതായി ആരോപിച്ച ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, കരാർ അംഗീകരിക്കാൻ നിശ്ചയിച്ചിരുന്ന കാബിനറ്റ് യോഗം ഒഴിവാക്കിയതായി അറിയിച്ചു.
ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നെതന്യാഹു ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാനായി ഹമാസ് വാഗ്ദാനലംഘനം നടത്തുന്നതായി നെതന്യാഹുവിന്റെ ഓഫീസ് ഇന്നലെ ആരോപിച്ചു.
ഈ സാഹചര്യത്തിൽ കരാർ അംഗീകരിക്കാൻ നിശ്ചയിച്ചിരുന്ന കാബിനറ്റ് യോഗം മാറ്റിവച്ചു. ഹമാസ് പൂർണമായും വ്യവസ്ഥകൾ പാലിച്ചാലേ കാബിനറ്റ് ചേരൂ. കരാർപ്രകാരം ഞായറാഴ്ച വെടിനിർത്തൽ ആരംഭിക്കണമെങ്കിൽ ഇസ്രയേലിലെ മന്ത്രിസഭയുടെയും പാർലമെന്റിന്റെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ഇതിനിടെ, വെടിനിർത്തൽ ധാരണ പാലിക്കാൻ തയാറാണെന്ന് ഹമാസിന്റെ മുതിർന്ന നേതാവ് ഇസത് അൽ റിഷ്ഖ് അറിയിച്ചു. അതേസമയം, ഇസ്രയേലിലെ രാഷ്ട്രീയ നേതാക്കളിൽനിന്നും ജനങ്ങളിൽനിന്നും ശക്തമായ സമ്മർദം നേരിടുന്ന നെതന്യാഹു നിലനില്പിനായി തന്ത്രങ്ങൾ പയറ്റുകയാണോയെന്ന സംശയമുണ്ട്.
ബന്ദിമോചനത്തിനായി ജനങ്ങൾ നടത്തുന്ന പ്രതിഷേധപ്രകടനങ്ങൾ അദ്ദേഹത്തിന് കണ്ടില്ലെന്നു നടിക്കാനാകില്ല. അതോടൊപ്പം സർക്കാരിനെ നിലനിർത്തുന്ന തീവ്രവലതുപക്ഷ നേതാക്കൾ വെടിനിർത്തലിനെ എതിർക്കുന്നത് നെതന്യാഹുവിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.
ആഭ്യന്തരമന്ത്രി ബെൻ ഗവീർ, ധനമന്ത്രി ബസാലേൽ സ്മോട്രിച്ച് എന്നിവരാണ് വെടിനിർത്തലിനെ എതിർക്കുന്നത്. ഇവരുടെ പാർട്ടികൾ നൽകുന്ന പിന്തുണയാണ് നെതന്യാഹു സർക്കാരിനെ നിലനിർത്തുന്നത്. അതിനിടെ, ഇസ്രയേലും ഹമാസും വെടിനിർത്തലിന് സമ്മതിച്ചുവെന്ന റിപ്പോർട്ടുകൾക്കു ശേഷവും ഗാസയിൽ കനത്ത ആക്രമണം തുടരുകയാണ്.
ബുധനാഴ്ച രാത്രി മുതലുള്ള ഇസ്രേലി ആക്രമണങ്ങളിൽ 73 പേർ കൊല്ലപ്പെട്ടതായി ഗാസാ വൃത്തങ്ങൾ പറഞ്ഞു. വെടിനിർത്തൽ വാർത്തകളിൽ ഗാസ ജനങ്ങൾ ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.