ടെൽ അവീവ്: ജനുവരി 19ന് നിലവിൽവന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ വ്യാപക വ്യോമാക്രമണം നടത്തി. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേർ മരിച്ചതായാണു റിപ്പോർട്ട്.
മധ്യ ഗാസയിലെ ദെയ്ർ അൽ-ബലായ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നത്. വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ജനുവരിയിൽ യുഎസിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയ്ക്കു പിന്നാലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ആറാഴ്ച നീണ്ടുനിന്ന ആദ്യ ഘട്ട വെടിനിർത്തലിനു ശേഷം ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ഘട്ട വെടിനിർത്തൽ കരാറിനായി ഇസ്രയേലും ഹമാസും മധ്യസ്ഥ ചർച്ചകളിൽ ഏർപ്പെട്ടിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.