കയ്റോ: ഗാസയിൽ ഇസ്രേലി സേന നടത്തുന്ന ആക്രമണങ്ങളിൽ 41 പേർകൂടി കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ റാഫായിൽ ജനങ്ങൾ അഭയം തേടിയിരുന്ന ഭവനത്തിനു നേർക്കുണ്ടായ ആക്രമണത്തിലാണു കുട്ടികളും വനിതകളും അടക്കം 25 പേർ മരിച്ചത്.
റാഫായിലെ മറ്റൊരാക്രമണത്തിൽ മൂന്നു പേർ മരിച്ചു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പിനു നേർക്കുണ്ടായ ആക്രമണത്തിൽ 13 പേരും കൊല്ലപ്പെട്ടു. ജബലിയയിൽ കഴിഞ്ഞദിവസം വ്യോമാക്രമണങ്ങളിൽ 110 പേർ മരിച്ചിരുന്നു.
വടക്കൻ ഗാസയിൽ ഹമാസ് ഭീകരരും ഇസ്രേലി സേനയും തമ്മിൽ ഉഗ്രപോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രേലി സേന വടക്കൻ ഗാസ മുഴുവൻ ബോംബാക്രമണത്തിൽ തരിപ്പണമാക്കിയിട്ടും ഹമാസ് ഭീകരർ ചെറുത്തുനിൽപ്പു തുടരുകയാണ്.
വടക്കൻ ഗാസയിലെ അൽ അഹ്ലി ആശുപത്രി തിങ്കളാഴ്ച രാത്രി ഇസ്രേലി സേന റെയ്ഡ് ചെയ്തു. വടക്കൻ ഗാസയിൽ പ്രവർത്തനം തുടരുന്ന ഏക ആശുപത്രിയാണിത്. ആശുപത്രി നടത്തുന്ന ആംഗ്ലിക്കൻ സഭാ അധികൃതരാണു റെയ്ഡ് വിവരം പുറത്തുവിട്ടത്. ആശുപത്രിയിലേക്കുള്ള പോക്കുവരവ് തടയാനായി കവാടത്തിൽ യുദ്ധടാങ്ക് പാർക്ക് ചെയ്തിരിക്കുകയാണ്.
ഗുരുതരമായി പരിക്കേറ്റ നൂറോളം പേർ ചികിത്സയിലുള്ള ആശുപത്രിയിൽ പരിചരണത്തിനായി രണ്ട് ഡോക്ടർമാർ, നാല് നഴ്സുമാർ, മറ്റു രണ്ട് ജീവനക്കാർ എന്നിവർ മാത്രമാണുള്ളത്.